പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രക്തക്കറ സംബന്ധിച്ച സൂചനകളുണ്ടെങ്കിലും മൃതദേഹപരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ നിന്നും രക്തം വാർന്നതായോ പരിക്കേറ്റതായോ പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ 15-ന് രാവിലെയാണ് നവീൻ ബാബു മരിച്ച വിവരം അറിയുന്നത്.
അന്നു രാവിലെ 10.15 മുതൽ 11.45 വരെയാണ് കണ്ണൂർ ടൗൺ പോലീസ് പരിശോധന നടത്തി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശരീരത്തിൽ രക്തമോ മുറിവോ കണ്ടതായി റിപ്പോർട്ടിലില്ല. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോൾ നവീൻബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല. എഫ്.ഐ.ആറിൽ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഇല്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.
ഇൻക്വസ്റ്റ് നടത്താൻ രക്തബന്ധുക്കൾ ആരും സ്ഥലത്തില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കൾ 11.50-ഓടെ കണ്ണൂർ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാറ്റിയശേഷം പോസ്റ്റുമോർട്ടത്തിന് കൈമാറുകയാണ് സാധാരണ നടപടിക്രമം.
മൃതദേഹപരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ഡി.സി.പി.യോട് അപ്പോഴാണ് ആവശ്യപ്പെട്ടത്. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭർത്താവും, കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മൃതദേഹപരിശോധന മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു മറുപടി. പിന്നീട് കളക്ടർ അരുൺ കെ.വിജയനെ ബന്ധുക്കൾ വിളിച്ചു. മൃതദേഹപരിശോധന തുടങ്ങിയ കാര്യം അപ്പോഴാണ് അറിഞ്ഞത്.
കളക്ടറുടെ ഉറപ്പിലാണ് കണ്ണൂരിൽ തന്നെ പോസ്റ്റുമോർട്ടം നടന്നത്. പോസ്റ്റുമോർട്ടത്തിൽ ഒരു ക്രമക്കേടും ഉണ്ടാകില്ലെന്നായിരുന്നു കണ്ണൂർ കളക്ടറുടെ ഉറപ്പ്. ഒന്നും പേടിക്കാനില്ലെന്നും ക്രമക്കേടുണ്ടാകില്ലെന്ന് താൻ ഉറപ്പുതരുന്നുവെന്നും കളക്ടർ ഇവരോട് പറഞ്ഞു. പോലീസ് സർജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. നവീൻ ബാബുവിന്റെ അനുജൻ അഡ്വ. പ്രവീൺ ബാബു, ബന്ധുക്കളായ അഡ്വ. അനിൽ പി. നായർ, ഹരീഷ്, മലയാലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയലാൽ, നാട്ടുകാരായ ഉത്തമൻ, രാജേഷ് എന്നിവരാണ് മരണവിവരമറിഞ്ഞ് അന്ന് കണ്ണൂരിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: