∙ബെയ്റൂട്ട് : സിറിയയിൽ മിന്നൽ വേഗത്തിൽ വിമത സേനയുടെ മുന്നേറ്റം; തലസ്ഥാനമായ ഡമാസ്കസ് വളയുന്ന അന്തിമഘട്ടം പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ. അലപ്പോ, ഹമ പ്രവിശ്യകൾ പിടിച്ചെടുത്ത ശേഷം വിമതർ ഹുംസ് നഗരത്തിൽ പ്രവേശിച്ചതിനു പിന്നാലെയാണ് ഡമാസ്കസിലേക്കു നീങ്ങാനൊരുങ്ങുന്നത്.
വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി.
തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്. അതേസമയം, അലപ്പോ, ഹമാ നഗരങ്ങളിൽനിന്ന് സൈന്യം പിന്മാറിയയും വിമതർ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഒരാഴ്ചക്കിടെ 2.80 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ ലോക ഭക്ഷ്യ പദ്ധതി തലവൻ സമീർ അബ്ദുൽ ജാബിർ പറഞ്ഞു.
അതിനിടെ, സിറിയ -ലബനാൻ അതിർത്തിയിലെ രണ്ട് പ്രവേശന കവാടങ്ങളിൽ ഇസ്രായേൽ വ്യോമസേന ബോംബാക്രമണം നടത്തി. വ്യോമാക്രമണം നടത്തിയ കാര്യം ഇസ്രായേൽ സേനയും സ്ഥിരീകരിച്ചു. അസദിനെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിലാണ് ബോംബിട്ടത്.
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് ഇപ്പോഴും ഡമാസ്കസിൽത്തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അസദ് രാജ്യം വിട്ടതായി വിദേശമാധ്യമങ്ങൾ തെറ്റായ വാർത്ത പരത്തുകയാണെന്നും ആരോപിച്ചു. അസദിനെ പിന്തുണയ്‌ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തി. വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് ഭീകര സംഘടനയാണെന്നും സിറിയൻ പ്രദേശങ്ങൾ പിടിച്ചടക്കാൻ അവരെ അനുവദിക്കരുതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലാവ്‌റോവ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: