ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ അരങ്ങേറുന്ന ഹിന്ദു വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിന്റെ നൊബേല്‍ സമ്മാനം പുനപരിശോധിക്കണമെന്ന് ബിജെപി എംപി ജ്യോതിര്‍മയ് സിങ് മഹാതോ. ഇത് സംബന്ധിച്ച് നൊബേല്‍ കമ്മിറ്റിക്ക് ബിജെപി എംപി കത്തയച്ചു.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവനായ യൂനസ് ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നിശബ്ദത പാലിക്കുകയാണ്. ഈ നിശബ്ദത അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്ത അക്രമികള്‍ നിയമവാഴ്ച ഇല്ലാതാക്കിയിരിക്കുകയാണ്. സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ചയാള്‍ക്ക് എങ്ങനെയാണ് ഹിന്ദു വംശഹത്യയില്‍ മൗനം പാലിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു ആചാര്യനായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജാമ്യത്തിനായി കോടതിയില്‍ ഹാജരാകുവാന്‍ അഭിഭാഷകരെ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: