തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങള്‍ അട്ടിമറിക്കാന്‍ അണിയറയില്‍ ആഭ്യന്തരവകുപ്പിന്റെ കരുനീക്കം. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി രാജഭരണകാലം മുതല്‍ തുടര്‍ന്നിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനാണ് തീരുമാനം.
സപ്തംബര്‍ അഞ്ചിന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗാര്‍ഡ്ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കത്ത് പോലീസ് ആസ്ഥാനത്തുനിന്ന് ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ എത്തിച്ചുകഴിഞ്ഞു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോഴുണ്ടാക്കിയ ധാരണകള്‍ക്കും ഹിന്ദുക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയപ്പോള്‍ ഒപ്പിട്ട കവനന്റിലെ വ്യവസ്ഥകള്ക്കെതിരെയുമാണ് സര്‍ക്കാര്‍ നീക്കം.
ആഭ്യന്തര വകുപ്പിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ക്ഷേത്രങ്ങളിലെ ഒഴിവാക്കാനാകാത്ത ചടങ്ങാണെങ്കില്‍ പോലീസിനാവശ്യമായ പണം ക്ഷേത്രകമ്മിറ്റികള്‍ തന്നെ നല്‍കേണ്ടിവരും. ഹിന്ദുക്ഷേത്രങ്ങള്‍ സര്‍ക്കാരധീനതയിലുള്ള ദേവസ്വംബോര്‍ഡിന് കൈമാറിയപ്പോള്‍ ഒപ്പുവച്ച കവനന്റിലുള്ള, പാലിച്ചുവരുന്ന ആചാരങ്ങള്‍ക്ക് ഭംഗം വരുത്തരുതെന്ന വ്യവസ്ഥയാണ് ആഭ്യന്തരവകുപ്പ് വലിച്ചെറിയുന്നത്. പാലിച്ചുവന്ന ക്ഷേത്രാചാരങ്ങള്‍ക്ക് യാതൊരുവിധ ലോപവും വരാതെ ശ്രദ്ധിക്കണമെന്ന വ്യവസ്ഥതന്നെ അട്ടിമറിക്കുകയാണ്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഇരുപതോളം ക്ഷേത്രങ്ങളിലാണ് ഗാര്‍ഡ്ഓഫ് ഓണര്‍ നിലവിലുള്ളത്. ഇവയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ ആചാരങ്ങള്‍ നിര്‍ത്തലാക്കുമെന്ന ഭീഷണിയുണ്ട്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട്, സ്വാതിതിരുനാളിന്റെ കാലംമുതല്‍ നടന്നുവരുന്ന നവരാത്രി ആഘോഷം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ ആചാരങ്ങളും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ഭക്തര്‍. നവരാത്രി എഴുന്നള്ളിപ്പിന് കേരള-തമിഴ്നാട് പോലീസ് കേരള അതിര്‍ത്തിയില്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കാറുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് രാജഭരണകാലം മുതല്‍ തന്നെ കുതിരപ്പോലീസും പങ്കെടുക്കാറുണ്ട്. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന പുറത്തെഴുന്നള്ളിപ്പ്, വെള്ളായണി കാളിയൂട്ട് തുടങ്ങിയ ക്ഷേത്രചടങ്ങുകളിലും പോലീസിന് തലവരി നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: