കാട്ടാക്കട (തിരുവനന്തപുരം): വനവാസികളുടെ ശബരിമലയാത്രയ്ക്ക് ഇന്നലെ കാടകം ഒരിക്കല്‍കൂടി സാക്ഷ്യം വഹിച്ചു.
ഇരുമുടികെട്ടേന്തി, ശരണമന്ത്രങ്ങള്‍ ഉരുവിട്ട്, കൊട്ടും കുരവയുമായി, ശബരീശനെ കാണാനുള്ള കാടിന്റെ മക്കളുടെ ഈ യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിവുപോലെ കോട്ടൂര്‍ മുണ്ടണി മാടന്‍കോവിലില്‍ ഇന്നലെ രാവിലെ 8ന് കെട്ടുനിറച്ചാണ് കോട്ടൂരിലെ വിവിധ ഊരുകളിലുള്ള വനവാസികള്‍ ഒന്നിച്ച് പുറപ്പെട്ടത്. മാളികപ്പുറങ്ങളും കന്നിഅയ്യപ്പന്മാരും ഭിന്നശേഷിക്കാരനും ഉള്‍പ്പെടെ 145 ഭക്തരാണ് സംഘത്തിലുള്ളത്. മുണ്ടണി മാടന്‍കോവില്‍ ട്രസ്റ്റി വിനോദിന്റെ നേതൃത്വത്തിലാണ് യാത്ര.
മാലയിട്ട് കഠിനവ്രതം നോറ്റ് ശബരീശന് അഭിഷേകത്തിനുള്ള വനവിഭവങ്ങളുമായി പോകുന്നവരാണ് ഇവര്‍. നൂറ്റാണ്ടുകളായി തുടരുന്ന ഗോത്രവര്‍ഗ ആചാരം. ശബരിമല ആചാരലംഘനത്തെ തുടര്‍ന്ന് ഒരിക്കലവര്‍ പിഴമൂളി മാലയൂരി. കൊവിഡ് ടെസ്റ്റും നൂലാമാലകളും പറഞ്ഞ് 2020ല്‍ ദേവസ്വം ബോര്‍ഡ് ഇവര്‍ക്ക് യാത്ര നിക്ഷേധിച്ചു. അയ്യന് സമര്‍പ്പിക്കാന്‍ വനത്തില്‍ നിന്നും വ്രതശുദ്ധിയോടെ അവര്‍ ശേഖരിച്ച കാട്ടുതേന്‍, കാട്ടുകുന്തിരിക്കം, കദളിക്കുല, കരിമ്പ്, ഈറ്റയില്‍ മെനഞ്ഞെടുത്ത പുഷ്പ്പങ്ങള്‍ ശേഖരിക്കുന്ന വട്ടികള്‍ എന്നിവയൊക്കെ സംഘം കരുതിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച കാട്ടുതേന്‍ ഇന്നലെ ശബരീശന് അഭിഷേകം നടത്തി. അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകത്തിനുള്ള പൂക്കള്‍ എത്തിച്ചതും ഇവര്‍ സമര്‍പ്പിച്ച ചൂരല്കുട്ടകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: