തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജന് രംഗത്ത്. ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്ന് പറഞ്ഞ മന്ത്രി, കോടതിയുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിവരിച്ചു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ആലോചനയിലാണ്. നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി അറിയിച്ചു. തൃശൂര്‍ പൂരം അതിന്റെ പൂര്‍ണ പെരുമയോടെ തന്നെ ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓര്ഗനൈസേഷന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മെമ്മോറാണ്ടം നല്കി. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും, ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, നിഷ്പക്ഷത ഉറപ്പാക്കാന്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തില്‍ പറയുന്നത്. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്ളതെന്നു മെമ്മോറാണ്ടത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: