കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ തുടരാൻ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവിൽ തത്വത്തിലാണ് അനുമതി നൽകിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടൻ ലഭിക്കും.
ഇതോടെ മലയാള സിനിമയിൽ തന്റെ സ്ഥിരം സാന്നിധ്യമാകാൻ തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. മുൻപ് കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് മലയാള ചിത്രമായ ഒറ്റക്കൊമ്പന് വേണ്ടി വളർത്തിയ താടി അദ്ദേഹം എടുത്ത് കളഞ്ഞിരുന്നു. സിനിമാ അഭിനയമാണ് വരുമാനമാർഗമെന്നും, ഒറ്റക്കൊമ്പൻ അടക്കം നിരവധി സിനിമകൾ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
ഒറ്റക്കൊമ്പൻ എന്ന സിനിമയ്‌ക്കായി വളർത്തിയ വെള്ള താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുൻപ് എല്ലാ പൊതു പരിപാടികളിലും പങ്കെടുത്തിരുന്നത്. എന്നാൽ കേന്ദ്ര സഹമന്ത്രിയായതോടെ ബിജെപി കേന്ദ്രനേതൃത്വം അനുമതി നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശങ്കയായിരുന്നു.
എന്നാൽ ഇപ്പോൾ അനുമതി ലഭിച്ചതോടെ താടി അദ്ദേഹം വളർത്തി തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം സെപ്റ്റംബർ 29-നാണ് ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: