തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ആയമാര്‍ മുറിവേല്പിച്ചത് ഒറ്റപ്പെട്ട സംഭവമെന്നാണ് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി പറയുന്നത്. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് ഉള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നുമാണ് ന്യായം. ഡിവൈഎഫ്ഐ നേതാവായ സെക്രട്ടറി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം തൈക്കാടുള്ള ഈ ശിശുക്ഷേമ സമിതി സിപിഎം നിയന്ത്രണത്തിലുള്ള അധോലോകം ആയിട്ട് നാളേറെയായി. കുട്ടി സഖാക്കന്മാരെ കുത്തി നിറച്ച് സര്‍ക്കാര്‍ പണം കയ്യിട്ടുവാരാന്‍ അവസരം നല്കുന്ന സ്ഥാപനമായി ഇത് തകര്‍ന്നു. അഴിമതികളില്‍ പെട്ടവരും കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചവരും കുട്ടിയെ വിറ്റവരും ഒക്കെ ഭരണസമിതിയിലിലും ജീവനക്കാരായും ഉള്ള സ്ഥാപനം. മുഴുവന്‍ പേരും സിപിഎമ്മിന്റെ ശിപാര്‍ശയില്‍ കയറിപ്പറ്റിയവര്‍. സിപിഎമ്മിന്റെ പോഷക സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നതും.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് മൂന്ന് ആയമാര്‍ ചെയ്ത അതി ക്രൂരതയാണ് പുതിയതായി പുറത്തു വന്നിരിക്കുന്നത്. കിടക്കയില്‍ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് വിവാഹ വേദിയില്‍ വെച്ചാണ് പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അതുകേട്ട് ആസ്വദിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്നവര്‍ തയ്യാറായില്ല. വിവരം ഒരാഴ്ചയോളം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാന്‍ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി വന്ന പുതിയ ആയയാണ് കുളിപ്പിക്കുമ്പോള്‍ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചത്. അതാണ് നിര്‍ണ്ണായകമായത്. സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന കാര്യം കുട്ടി പറഞ്ഞതോടെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. അതോടെയാണ് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി നല്കിയ പട്ടികയില്‍ നിന്ന് നിയമിതരായ താല്‍ക്കാലിക ആയമാരാണ് മൂവരും. അതുകൊണ്ടുതന്നെ പാര്‍ട്ടിയാണ് ഒന്നാം പ്രതി.
സിപിഎം നേതാവിന്റെ മകള്‍ക്ക് അവിഹിത ഗര്ഭത്തിലുണ്ടായ കുട്ടിയെ അന്യ സംസ്ഥാനത്തെ ദമ്പതികള്‍ക്ക് കൈമാറിയത് വിവാദമായതാണ്. കൊലപാതകക്കേസിലെ പ്രതിയായിരുന്ന ശിശുക്ഷേമ സമിതിയില്‍ ജീവനക്കാരന് ജയിലില്‍ കിടന്ന കാലയളവ് സര്‍വീസായി കണക്കാക്കി ചട്ടം മറികടന്ന് പ്രമോഷന് നല്കാന് സിപിഎമ്മിന് മടിയുണ്ടായിരുന്നില്ല. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷററെ ബാലസംഘം ജില്ലാകണ്‍വീനര്‍ സ്ഥാനത്ത് നിന്നു സിപിഎം നീക്കിയത് ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമായ പെണ്‍കുട്ടിയുടെ പരാതിയിലായിരുന്നു. എന്നിട്ടും ശിശുക്ഷേമ സമിതി ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയില്ല. കുട്ടികളുടെ അവകാശ സംരക്ഷണരംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കാണ് ശിശുക്ഷേമ സമിതിയില്‍ അംഗത്വം ലഭിക്കുന്നത്. ബാലസംഘത്തിന്റെ പ്രവൃത്തി പരിചയത്തിലാണ് സിപിഎം നേതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ തുടരുന്നത്. ബാലസംരക്ഷണം അവകാശപ്പെടുന്ന നിരവധി കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ മറവില്‍ വിദേശത്തു നിന്ന് കോടികള്‍ സമ്പാദിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ ഓഡിറ്റ് നടത്താന്‍ ഇടത് പക്ഷ മഹിളാ അസോസിയേഷന് കീഴിലുള്ള സുശീല ഗോപാലന് പഠനകേന്ദ്രത്തെ ഏല്‍പ്പിക്കുകയും അരക്കോടി രൂപ നല്‍കുകയും ചെയ്തത് അടുത്ത കാലത്താണ്.
കേരളത്തില്‍ കുട്ടികളോടു കാണിക്കുന്ന പെരുമാറ്റത്തിന്റെ അതിരുകടന്ന പൈശാചികത തന്നെയാണ് ഈ സംഭവം. ആയമാര്‍ കാണിച്ച ക്രൂരത കേരള സമൂഹത്തില്‍ ബാലനീതി നിയമത്തെ വെല്ലുവിളിക്കുന്നതാണ്. നിയമം മൂലം കുട്ടികള്‍ സുരക്ഷിതരാണെങ്കിലും കുട്ടികള്‍ക്ക് കരയാന്‍ മാത്രമേ കഴിയുന്നുള്ളു. പുഞ്ചിരിക്കേണ്ട ബാലൃത്തിന് നേരേ നിരന്തരം ക്രൂരമായ അക്രമം പെരുകി കൊണ്ടിരിക്കുന്നു. ദേശീയ തലത്തില്‍ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള കേരളത്തിലാണ് ബാലപീഡനങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഇക്കാര്യത്തിലും ഒന്നാമതാക്കുന്നവരെ ശപിച്ചതുകൊണ്ടുമാത്രം കാര്യമില്ല. തുറന്നു കാട്ടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: