തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ദുബായ് കമ്പനി ടീകോമിനു പാട്ടത്തിനു നല്കിയ 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും അവര്‍ക്കു നഷ്ടപരിഹാരം നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനം വന്‍ അഴിമതിയും ഗുരുതര വീഴ്ചയും. 2007ലെ കരാര്‍ പ്രകാരം ടീകോമാണ് നഷ്ട പരിഹാരം നല്‍കേണ്ടതെന്നും മന്ത്രിസഭാ തീരുമാനം ദുരൂഹമാണെന്നുമാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് കച്ചവട താത്പര്യമാണ് വന്‍തുക നഷ്ടപരിഹാരം നല്കി ഭൂമി തിരിച്ചെടുക്കുന്നതിനുപിന്നിലെന്നും ഇത് സ്വന്തമാക്കാന്‍ വമ്പന്മാര് കണ്ണുവച്ചിട്ടുണ്ടെന്നുമാണ് സൂചന.
കരാര്‍ പ്രകാരം, 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്കു ഭീമമായ നഷ്ടപരിഹാരം നല്‍കിയാലേ ഭൂമി തിരിച്ചെടുക്കാനാവൂ. നഷ്ട പരിഹാരമായി 6000 കോടി കമ്പനി ആവശ്യപ്പെടുമെന്നാണ് സൂചന. കമ്പനിക്കെതിരേ നിയമവഴി തേടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നും ആശങ്കയുണ്ട്. എത്ര കാലം കോടതി കയറേണ്ടി വരുമെന്നും ഉറപ്പില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചെന്നല്ലാതെ എന്തുചെയ്യണമെന്നതില്‍ സര്‍ക്കാരിന് എത്തും പിടിയുമില്ല. 14 വര്‍ഷം സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം മുടന്തി നീങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടലുണ്ടാകാതിരുന്നതും ദുരൂഹം.
നിലവിലുള്ള കരാറിലെ വീഴ്ചകളെക്കുറിച്ച് 2014ല്‍ സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. കരാറിലെ പഴുതുകള്‍ പദ്ധതി അനന്തമായി വൈകിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. നിലവിലെ കരാറില്‍ ടീകോമില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയില്ല. 2007ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറില്‍ പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ട പരിഹാരം ഈടാക്കേണ്ടത് ടീകോമില്‍ നിന്നെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിരുന്നു.
കൊച്ചി കാക്കനാട്ട് സര്‍ക്കാര്‍ അക്വയര്‍ ചെയ്ത 246 ഏക്കര്‍ 105 കോടിക്കാണ് ടീകോം കമ്പനിക്ക് കുത്തകപ്പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സര്‍ക്കാരിന് സംയുക്ത സംരംഭത്തില്‍ 16 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പത്തു വര്‍ഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി സ്ഥല സൗകര്യമുണ്ടാക്കുക, അതില്‍ 70 ശതമാനവും ഐടിക്കും അതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുമായി നീക്കിവയ്ക്കുക, 90,000 തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ നിബന്ധനകളുള്ള കരാറാണ് ടീകോമുമായി ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: