അഡ്‌ലെയ്ഡ്: ഭാരതം-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഇന്ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. രാത്രിയും പകലുമായി പിങ്ക് ടെസ്റ്റ് മത്സരമായാണ് നടക്കുക. ആദ്യ ടെസ്റ്റില്‍ വന്‍ വിജയമായിതീര്‍ന്ന കെ.എല്‍. രാഹുല്‍-യശസ്വി ജയ്‌സ്വാള്‍ സഖ്യം തന്നെയായിരിക്കും ഇന്ന് തുടങ്ങുന്ന മത്സരത്തിലും ഇന്നിങ്‌സ് തുറക്കുക. ഇന്നലെ വൈകീട്ട് അഡ്‌ലെയ്ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ജനിച്ച തന്റെ കുഞ്ഞുവാവയെ കൈയില്‍ വച്ചുകൊണ്ടാണ് പെര്‍ത്ത് ടെസ്റ്റ് കണ്ടത്. തനിക്ക് പകരം കെ.എല്‍. രാഹുല്‍ ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് കണ്ടു. വളരെ മികച്ച ഓപ്പണിങ് ജോഡിയെയാണ് കാണാന്‍ സാധിച്ചത്. കെ.എല്‍. ആ റോള്‍ വളരെ ഗംഭീരമായി നിര്‍വഹിച്ചു. വളരെ ബുദ്ധിപരമായാണ് അദ്ദേഹം കളിച്ചുകൊണ്ടിരുന്നത്. അത് കണ്ടപ്പോള്‍ മുതല്‍ തോന്നിയ തീരുമാനമാണ് ഇപ്പോള്‍ അറിയിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയ്‌ക്ക് ടീമിന്റെ മികവിന് വേണ്ടി ഏത് പൊസിഷനിലേക്കും മാറി ഇറങ്ങേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ടീമിന്റെ വിജയമാണ് എല്ലാറ്റിലും പ്രധാനം. തന്റെ പൊസിഷന്‍ മിഡില്‍ ഓര്‍ഡറില്‍ ഏതെങ്കിലും നമ്പറിലായിരിക്കും രോഹിത് പറഞ്ഞു.
പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ രണ്ട് ദിന സന്നാഹ മത്സരത്തില്‍ രാഹുലിനെ ഓപ്പണ്‍ ചെയ്യിപ്പിച്ച് രോഹിത് നാലാം നമ്പറിലേക്ക് ഇറങ്ങി കളിച്ചിരുന്നു. ഓപ്പണിങ് ജോഡിയുടെ കാര്യത്തില്‍ ഭാവിയില്‍ ഒരുപക്ഷേ മാറ്റമുണ്ടായേക്കാം എന്നാല്‍ ഇപ്പോള്‍ ഉചിതമായ തീരുമാനം ഇതാണെന്ന് കരുതുന്നു- രോഹിത് പറഞ്ഞു.
പെര്‍ത്ത് ടെസ്റ്റില്‍ രോഹിത് നാട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു. നായകന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറ നയിച്ച മത്സരത്തില്‍ രാഹുല്‍ ആണ് ഓപ്പണ്‍ ചെയ്തത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴും രാഹുല്‍ അക്ഷോഭ്യമായി പിടിച്ചു നിന്നത് ശ്രദ്ധേയമായിരുന്നു. 150 റണ്‍സെടുത്ത ഭാരതത്തിനായി രാഹുല്‍ നേടിയ 26 റണ്‍സ് ഏറെ വിലപ്പെട്ടതാവുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിലാണ് ജയ്‌സ്വാളിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 201 റണ്‍സെടുത്ത അത്യുഗ്രന്‍ പ്രകടനം രാഹുല്‍ കാഴ്‌ച്ചവച്ചത്. 177 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്താണ് താരം മടങ്ങിയത്. ജയ്‌സ്വാളിന് മികച്ച പിന്തുണയുമായി മികച്ച സ്‌കോര്‍ പടുക്കാന്‍ വേണ്ട അടിത്തറയിട്ട ശേഷമാണ് രാഹുല്‍ മടങ്ങിയത്. ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ട് ലോക ക്രിക്കറ്റില്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
ഇന്നലെ രോഹിത് വാര്‍ത്താ സമ്മേളനത്തിനെത്തുമ്പോള്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും ആദ്യം കരുതിവച്ച ചോദ്യമായിരുന്നു രാഹുലിനെ ഓപ്പണിങ് സ്ഥാനത്ത് നിന്നു മാറ്റുമോയെന്ന്. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രോഹിത് ഇക്കാര്യം അങ്ങോട് അവതരിപ്പിക്കുകയായിരുന്നു.
അഞ്ച് മത്സര പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയത്തോടെ ഭാരതം 1-0ന് മുന്നിലെത്തിനില്‍ക്കുകയാണ്. അഡ്‌ലെയ്ഡ് പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.30ന് ആരംഭിക്കുന്ന മത്സരം ഭാരതത്തില്‍ രാവിലെ 9.30 മുതല്‍ തത്സമയം കണ്ടുതുടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: