ന്യൂദല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2219 കോടി രൂപയുടെ പാക്കേജ് മന്ത്രിതല സമിതി പരിഗണിക്കുന്നതായാണ് സൂചന. എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായായിരിക്കും ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ കേരളത്തിന് 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 16ന് 153 കോടി രൂപയും കേരളത്തിന് അനുവദിച്ചിരുന്നു.
വയനാട് പാക്കേജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇന്ന് നല്‍കുമെന്ന് അമിത് ഷാ അറിയിച്ചതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേരളത്തില്‍ നിന്നുള്ള ഇടത്, വലത് എംപിമാര്‍ അറിയിച്ചു.
നേരത്തേ ലോക്സഭയില്‍ അമിത് ഷാ ദുരന്ത നിവാരണ ഭേദഗതി ബില്‍ അവതരിപ്പിച്ചു. ദേശീയ, സംസ്ഥാന തലങ്ങളിലെ വിവിധ ഏജന്‍സികളുടെ ദൗത്യത്തിന് കൂടുതല്‍ വ്യക്തത നല്കുന്ന വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്താണ് ബില്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: