Kerala

റെയില്‍വേയിൽ രാജ്യവ്യാപക ഹിതപരിശോധന; ബിആര്‍എംഎസിന് ശുഭപ്രതീക്ഷ, വോട്ട് രേഖപ്പെടുത്തുന്നത് 16000 വോട്ടര്‍മാർ

Published by

തിരുവനന്തപുരം: റെയില്‍വേയില്‍ ഇന്നും നാളെയും മറ്റന്നാളുമായി രാജ്യവ്യാപക ഹിതപരിശോധന. നിലവില്‍ അംഗീകാരമുള്ള എസ്ആര്‍യു എന്ന എച്ച്എംഎസ് സംഘടനയെ പിന്നിലാക്കി ബിആര്‍എംഎസ് ഒന്നാമതെത്തുമെന്ന് ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 16000 വോട്ടര്‍മാരാണ് വോട്ടു രേഖപ്പെടുത്തുന്നത്. തിരുനെല്‍വേലി മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയും, വള്ളത്തോള്‍ നഗര്‍ മുതല്‍ മംഗലാപുരം വരെയും 24 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ഡിആര്‍കെഎസ് എന്ന ബിഎംഎസ് സോണല്‍ സംഘടന ബിഎംഎസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഡിആര്‍കെഎസിന്റെ സീരിയല്‍ നമ്പര്‍ രണ്ട് ആണ്. ദക്ഷിണ റെയില്‍വേയില്‍ വലിയ മുന്നേറ്റമാണ് ഡിആര്‍കെഎസ് നടത്തുന്നത്. ഓള്‍ ഇന്ത്യ എസ്ടി, എസ്‌സി, ഓള്‍ ഇന്ത്യ ഒബിസി, ഓള്‍ ഇന്ത്യ ട്രാക്ക് മെയിന്റനര്‍, ഓള്‍ ഇന്ത്യ എന്‍ജിനീയര്‍ അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ലോക്കോ ഇന്‍സ്‌പെക്ടര്‍, ഓള്‍ ഇന്ത്യ ട്രെയിന്‍ കണ്‍ട്രോളേഴ്‌സ് അസോസിയേഷന്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഒരു പ്രബല വിഭാഗം എന്നിവര്‍ ബിഎംഎസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ ശക്തി തിരിച്ചറിഞ്ഞ് ബിഎംഎസിനെ തെരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് ഡിആര്‍കെഎസ് ഓഫീസില്‍ ചേര്‍ന്ന യോഗം അഭ്യര്‍ത്ഥിച്ചു. ഡിആര്‍കെഎസ് വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, സംഘടനാ സെക്രട്ടറി എ. രാജേഷ് ഡിവിഷണല്‍ ട്രഷറര്‍ ബാലു.വി.എല്‍ ഐ.ടി സെക്രട്ടറി അര്‍ജ്ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് ഡിവിഷണനില്‍ ബിഎംഎസ് ദക്ഷിണക്ഷേത്ര സഹസംഘടനാ സെക്രട്ടറി എ.പി. രാജീവന്റെ നേതൃത്വത്തില്‍, ഡിആര്‍കെഎസ് സെക്രട്ടറിമാരായ ദിവ്യ.ടി.യൂ, സുനില്‍കുമാര്‍, ഡിവിഷണല്‍ ഭാരവാഹികളായ കൃഷ്ണദാസ്, ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രചരണം നടത്തി.

ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ അജിത്ത്, സംഘടനാ സെക്രട്ടറി കെ.മഹേഷ് തുടങ്ങിയവര്‍ കേരളത്തിലെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by