ഹൈദരാബാദ് : തെലങ്കാനയിലെ മുലുഗിൽ ബുധനാഴ്ച രാവിലെ റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അതേ സമയം ആളപായമോ വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പലയിടത്തും ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ 7.30 ഓടെ ഏതാനും നിമിഷങ്ങളോളം തങ്ങൾക്ക് അസാധാരണമായ ഒരു ഞെട്ടൽ അനുഭവപ്പെട്ടതായി മുലുഗുവിന് സമീപമുള്ള വാറങ്കൽ നിവാസികൾ പറഞ്ഞു. സീലിംഗ് ഫാനുകൾ ആടാൻ തുടങ്ങി, സാധനങ്ങൾ അലമാരയിൽ നിന്ന് വീഴാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.
അതേ സമയം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും റിക്ടർ സ്‌കെയിലിൽ അഞ്ചിലധികം തീവ്രതയുള്ള ഭൂചലനങ്ങൾ അപൂർവമായി മാത്രമേ കാണാനാകൂവെന്ന് നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻജിആർഐ) വിരമിച്ച ശാസ്ത്രജ്ഞൻ പൂർണചന്ദ്ര റാവു പറഞ്ഞു. ക്ഷേത്രനഗരമായ ഭദ്രാചലത്തിൽ 1969-ൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നുവെങ്കിലും ചെറിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
ബുധനാഴ്ച 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഏതാനും ദിവസത്തേക്ക് തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: