Vicharam

കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും

Published by

എല്ലാവരും കണ്ടാല്‍ പഠിക്കണമെന്നില്ല. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കുമെന്നാണ് ചൊല്ല്. എന്നാല്‍ ഇതൊന്നും സംഭവിക്കാത്തവരെക്കുറിച്ച് എന്തുപറയും? മണ്ടന്മാര്‍ എന്നുപറയുമോ? എങ്കില്‍ ആ ഗണത്തില്‍പ്പെടുന്നവരാണോ പിണറായി സര്‍ക്കാര്‍! അങ്ങനെ പറയേണ്ടിവരും.

അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന് പിണറായി സര്‍ക്കാര്‍ നല്‍കിയ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കാനാകുമെന്ന് ചോദിച്ചാണ് ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. അങ്ങനെ ആറുവര്‍ഷമായി തുടരുന്ന വ്യവഹാരത്തിന് സമാപ്തിയായി.

സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്ന ഇടതു സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതിയും സുപ്രീംകോടതിയും സ്വീകരിച്ച നിലപാട്. 2018 ജനുവരിയില്‍ മന്ത്രിസഭാ യോഗ തീരുമാന പ്രകാരം പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എന്‍ജിനീയറായാണ് പ്രശാന്തിനെ നിയമിച്ചത്. കേരള സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടം 39 പ്രകാരമുള്ള നിയമനത്തെ ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി അശോക് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രശാന്തിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. നിയമനം റദ്ദാക്കിയെങ്കിലും 2018 മുതലുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും റദ്ദാക്കരുതെന്ന പ്രശാന്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഈ തുക തിരിച്ചുപിടിക്കേണ്ടതില്ലെന്നു കോടതി വിധിച്ചു. ഈ നിയമനം എങ്ങനെ എന്ന് കോടതിക്ക് വ്യക്തമായില്ല.

എന്തടിസ്ഥാനത്തിലാണ് എംഎല്‍എയുടെ മകനെ ആശ്രിത നിയമന വ്യവസ്ഥയില്‍ നിയമിക്കാനായതെന്ന് കോടതി ചോദിച്ചു. ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സര്‍വീസസ് ചട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. അവയെല്ലാം പരിശോധിച്ചാണ് കോടതി തീരുമാനം. കേരള സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ട പ്രകാരം ഇത്തരത്തിലൊരു നിയമനത്തിന് സംസ്ഥാന സര്‍ക്കാരിനു സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനു പ്രത്യേക തസ്തിക രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരളത്തിന്റെ വാദങ്ങള്‍ കോടതി തള്ളി. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയെ ലക്ഷങ്ങള്‍ മുടക്കി വാദത്തിനെത്തിച്ചെങ്കിലും സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് വലിയ തിരിച്ചടിയാണ്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലര്‍ സി.കെ.ശശിയും ഹാജരായി. ആര്‍. പ്രശാന്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹാജരായി. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകന്‍ എ.കാര്‍ത്തിക്കാണ് ഹാജരായത്. കൊങ്ങാട്ട് എംഎല്‍എ കെ.വി. വിജയദാസിന്റെ മകന്‍ സന്ദീപിനെ 2021 ല്‍ ഓഡിറ്റ് വകുപ്പില്‍ മന്ത്രിസഭാ തീരുമാനപ്രകാരം നിയമിച്ചിരുന്നു. പിന്നെയുമുണ്ട് നിയമനങ്ങള്‍. പാട്യം ഗോപാലന്റെ ഭാര്യ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.ജോര്‍ജിന്റെ മകന്‍, പുനലൂര്‍ എംഎല്‍എ ആയിരുന്ന സാം ഉമ്മന്റെ ഭാര്യ, റാന്നി എംഎല്‍എ ആയിരുന്ന സണ്ണി പനവേലിയുടെ മകള്‍, മുന്‍ മന്ത്രി വി.കെ.രാജന്റെ മകന്‍ എന്നിവര്‍ക്കും ആശ്രിതനിയമനം നടത്തിയിട്ടുണ്ട്. എന്നിട്ടും എന്നെ മാത്രം വേട്ടയാടുന്നു എന്നാണ് ആര്‍.പ്രശാന്തിന്റെ പരിഭവം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക