വാഷിങ്ടൺ: ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ ജനുവരിയിൽ തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മോചിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഉത്തരവാദികൾക്ക് കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
”2025 ജനുവരി 20നു മുൻപ് ബന്ദികളെ ഉടൻ മോചിപ്പിക്കുക. അല്ലെങ്കിൽ അതിന് ഉത്തരവാദികളായവർക്ക് യുഎസ്എയുടെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നൽകും” – ട്രംപ് വ്യക്തമാക്കി. ട്രംപ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ദിവസമാണ് ജനുവരി 20. 2023 ഒക്ടോബർ 7 ന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ 250 ഓളം ഇസ്രയേൽ പൗരന്മാരെ ഹമാസ് ഭീകരർ പിടികൂടിയിരുന്നു. അവരിൽ 100 ഓളം പേർ ഇപ്പോഴും ഗാസയിൽ തടവിൽ തുടരുകയാണ്.
എന്നാൽ ബന്ദികളിൽ മുന്നിലൊന്ന് പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേൽ അധികൃതർ പറയുന്നത്. ട്രംപിന്റെ അന്ത്യശാസനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു. “നന്ദി, നിയുക്ത പ്രസിഡൻ്റ്, നിങ്ങളെ അനുഗ്രഹിക്കുന്നു. ഞങ്ങളുടെ സഹോദരി, സഹോദരന്മാർ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന നിമിഷത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു! ” – ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: