ന്യൂദല്ഹി: ബംഗ്ലാദേശില് ഹിന്ദുക്കള് ഉള്പ്പെടെ ന്യൂനപക്ഷങ്ങള്ക്കു നേരേയുള്ള അതിക്രമങ്ങള്ക്കെതിരേ രാജ്യ തലസ്ഥാനത്തും പ്രതിഷേധം. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില് ഇന്നലെ ജന്തര്മന്തറില് പ്രതിഷേധ ധര്ണ നടത്തി. സംന്യാസിവര്യര്, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു.
ബംഗ്ലാദേശിലെ സ്ഥിതി ആശങ്കാജനകമാണെന്ന് വിഎച്ച്പി ദല്ഹി സംസ്ഥാന പ്രസിഡന്റ് കപില് ഖന്ന അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്ക്കെതിരേയുള്ള അതിക്രമങ്ങള് അവസാനിപ്പിക്കാന് ഭാരത സര്ക്കാര് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂറുകണക്കിനു ഹിന്ദുക്കള് അക്രമം ഭയന്ന് പലായനം ചെയ്യുന്നു. നിരവധി പേര് പീഡനങ്ങള്ക്കിരയായി. വീടുകളും വസ്തുവകകളും നശിപ്പിക്കപ്പെട്ടു. ഡോക്ടറോ അഭിഭാഷകനോ സംന്യാസിയോ സാധാരണക്കാരനോ എന്ന വ്യത്യാസമില്ലാതെ ഹിന്ദുവായതിനാല് എല്ലാവരും അക്രമങ്ങള്ക്കിരയാകുന്നു. ഇത് അപലപനീയമാണ്. അക്രമങ്ങള് അവസാനിപ്പിക്കാന് സര്ക്കാര് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഹിന്ദുസമൂഹത്തിനു നേരേയുള്ള അക്രമങ്ങള് അംഗീകരിക്കാനാകില്ലെന്ന് മഹന്ത് നവല് കിഷോര് ദാസ് പറഞ്ഞു. ആരാധനാലയങ്ങള് തകര്ക്കുന്നു, ആദരണീയരായ സംന്യാസിമാരെ ജയിലിലടയ്ക്കുന്നു, ഇതംഗീകരിക്കാനാകില്ല. ലോകം മുഴുവനുമുള്ള ഹിന്ദുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും തങ്ങളുടെ പങ്കു വഹിക്കാന് മുന്നോട്ടുവരണമെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി സുരേന്ദ്ര ഗുപ്ത ആവശ്യപ്പെട്ടു.
വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി മുകേഷ്, സംസ്ഥാന സംഘടനാ സെക്രട്ടറി സുബോധ്, ബജ്രംഗ്ദള് സംസ്ഥാന സംയോജക് ജഗ്ജിത് സിങ് ഗോള്ഡി തുടങ്ങിയവര് നേതൃത്വം നല്കി.
രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം അറസ്റ്റ് ചെയ്ത ഹിന്ദു ആചാര്യന് പ്രഭു ചിന്മയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: