Kerala

അതിശക്തമായ മഴ; മലപ്പുറം വഴിക്കടവ് ആദിവാസി നഗര്‍ ഒറ്റപ്പെട്ടു, കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

Published by

കാസർകോട്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.

ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കാസർകോട് ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് ആയി ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തിയിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതിനിടെ, കനത്ത മഴയില്‍ മലപ്പുറം വഴിക്കടവ് ആദിവാസി നഗര്‍ ഒറ്റപ്പെട്ടു. പുന്നപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി നഗറുകള്‍ ഒറ്റപ്പെട്ടത്. നീലഗിരി മേഖലയില്‍ കനത്ത മഴ പെയ്തതോടെയാണ് പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. വഴിക്കടവിനേയും പുഞ്ചക്കൊല്ലി അളക്കല്‍ നഗറിനേയും ബന്ധിച്ചിരുന്ന കോണ്‍ക്രീറ്റ് പാലം 2018ല്‍ ഉണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. അതിനുശേഷം മുളകൊണ്ട് ഉണ്ടാക്കിയ ചങ്ങാടമാണ് ഈ പ്രദേശത്തുള്ളവര്‍ പുഴ കടക്കാന്‍ ഉപയോഗിച്ചിരുന്നത്.

പുഴയില്‍ പെട്ടന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇവര്‍ക്ക് ചങ്ങാടം ഉപയോഗിച്ച് പുഴകടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഈ മേഖലയില്‍ ഉള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലായത്. എല്ലാ മഴക്കാലത്തും ഈ പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നാണ് ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by