ഹസൻ : കർണാടകയിലെ ഹസൻ ജില്ലയിൽ ആദ്യ നിയമനത്തിനായി പോകുന്നതിനിടെ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. കർണാടക കേഡറിലെ 2023 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഹർഷ് ബർദൻ ആണ് മരിച്ചത്. 26 വയസായിരുന്നു അദ്ദേഹത്തിന്. മധ്യപ്രദേശ് സ്വദേശിയാണ്.
ഹോളനരസിപൂരിൽ പ്രൊബേഷണറി അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ടായി ഡ്യൂട്ടിയിൽ ഹസനിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഞായറാഴ്ച വൈകുന്നേരം ഹസൻ താലൂക്കിലെ കിട്ടണെക്ക് സമീപം ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന പോലീസ് വാഹനത്തിന്റെ ടയർ പൊട്ടി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വീട്ടിലും മരത്തിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തലയ്‌ക്ക് സാരമായി പരിക്കേറ്റ ബർദൻ ചികിത്സയ്‌ക്കിടെ ആശുപത്രിയിൽ വച്ച് മരിച്ചു. ഡ്രൈവർ മഞ്ചെഗൗഡയ്‌ക്ക് നിസ്സാര പരിക്കേറ്റതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥൻ അടുത്തിടെ മൈസൂരിലെ കർണാടക പോലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ കുടുംബത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: