Kerala

ശബരിമല: ജലമെത്തിക്കാന്‍ കുന്നാര്‍ ഡാമില്‍നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കും

Published by

ശബരിമല: സന്നിധാനത്ത് ശുദ്ധജലം എത്തിക്കാന്‍ കുന്നാര്‍ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാര്‍ ഡാം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. കുന്നാര്‍ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തില്‍ ഇതിലൊന്ന് തകര്‍ന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്.

സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953-ലാണ് കുന്നാര്‍ ഡാം കമ്മീഷന്‍ ചെയ്തത്. സന്നിധാനത്തിന് എട്ടു കിലോമീറ്റര്‍ അകലെ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതിചെയ്യുന്നത്. മലമുകളില്‍നിന്നുള്ള ജലം ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. പമ്പ് ചെയ്യാതെ വെള്ളം ഒഴുകി സന്നിധാനത്തെ പാണ്ടിത്താവളം ജലസംഭരണികളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇവിടെനിന്നാണ് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. വനത്തിലൂടെ കാല്‍നടയായേ ഡാമില്‍ എത്താനാകൂ. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. പോലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമില്‍ ഒരുക്കിയിട്ടുള്ളത്. കുന്നാര്‍ ഡാമിലെ ജലവിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ദേവസ്വം പ്രസിഡന്റും എന്‍ജിനീയര്‍മാരും വിലയിരുത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ശ്യാമപ്രസാദ്, ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.രാജേഷ് മോഹന്‍, എ.ഇ.ഒ. ശ്രീനിവാസന്‍ നമ്പൂതിരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by