കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ് ആരാധകർക്ക്. ഇപ്പോഴിതാ, ആരാധകരുടെ ആകാംക്ഷയ്‌ക്ക് വിമാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരനും നടൻ മോഹൻലാലും.
മാർച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. ഒരു പോസ്റ്റർ പുറത്തുവിട്ടാണ് എമ്പുരാൻ സിനിമയുടെ അപ്‌ഡേറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. കേട്ടതൊന്നുമല്ല എമ്പുരാനെന്ന് സൂചിപ്പിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. ഒരു നടനെന്ന നിലയിൽ എമ്പുരാനിലെ കഥാപാത്രം പ്രത്യേകതയുള്ളതാണെന്നും നടൻ മോഹൻലാൽ വ്യക്തമാക്കുന്നു. സംവിധായകൻ പൃഥ്വിരാജിനെയും മോഹൻലാൽ അഭിനന്ദിക്കുന്നു. പ്രേക്ഷകരോടും നന്ദി പറയുന്നു മോഹൻലാൽ
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോൾ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം ബിസിനസ് നേടി ലൂസിഫർ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനിൽ പ്രാധാന്യം എന്ന് റിപ്പോർട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‌ഡേറ്റുകളിൽ നിന്ന് മനസിലാകുന്നത്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്‌റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ നിർണായക വേഷത്തിലുണ്ടാകുമ്പോൾ ഗോവർദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: