ഹൈദരാബാദ്: തെലങ്കാനയിലെ മുലുഗു ജില്ലയിലെ നിബിഡ വനത്തിൽ പോലീസിന്റെ പ്രത്യേക ഗ്രേഹൗണ്ട് സേന പുലർച്ചെ നടത്തിയ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏഴ് നഗരങ്ങളിലെ വനമേഖലയിൽ പ്രത്യേക സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ നിരോധിത സിപിഐ(മാവോയിസ്റ്റ്) യുടെ തെലങ്കാന സംസ്ഥാന കമ്മിറ്റി (യെല്ലണ്ടു നർസംപേട്ട്) സെക്രട്ടറി കുർസം മാംഗു എന്ന ഭദ്രുവും ഉൾപ്പെടുന്നു.
ചാൽപാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുലുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
നവംബർ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: