Kerala

മത്സ്യ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു: ബിഎംഎസ്

Published by

കൊടുങ്ങല്ലൂര്‍: രാജ്യത്തിന്റെ കടലോര-കായലോര മേഖലയുടെ അതിര്‍ത്തി പ്രദേശത്ത് രാജ്യത്തിന്റെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന മത്സ്യ തൊഴിലാളികളെ സര്‍ക്കര്‍ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം സ്വീകരിക്കുന്നത് ദുഃഖകരമാണെന്ന് ബിഎംഎസ് സംസ്ഥാന ട്രഷറര്‍ സി. ബാലചന്ദ്രന്‍.

മത്സ്യ മേഖലയിലെ മത്സ്യത്തൊഴിലാളികളില്‍ 50 ശതമാനത്തിന് താഴെ ഇന്നും നിത്യജീവിതത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അവര്‍ക്ക് ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള പ്രദേശ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഫെഡറേഷന്‍ പ്രസിഡന്റ് പി.എസ്. സന്തോഷ് അധ്യക്ഷനായി.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിആര്‍സെഡിന്റെ മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന വ്യവസ്ഥകളില്‍ ഇളവ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം എം.പി. ചന്ദ്രശേഖരന്‍, മത്സ്യ തൊഴിലാളി മഹാസംഘം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി. ജയപ്രകാശ്, ട്രഷറര്‍ എ.ഡി. ഉണ്ണികൃഷ്ണന്‍, ബിഎംഎസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.എസ്. സുനില്‍, എം.പി. പരമേശ്വരന്‍, വി. ശിവദാസ്, കെ.വി. ശ്രീനിവാസന്‍, കെ. ഹരീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി

എം.ഡി ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), പി.എസ്. സന്തോഷ്, സി.എസ്. സുനില്‍, ജയചന്ദ്രന്‍, വി. ശിവദാസ്, സേതു തിരുവെങ്കിടം (വൈസ് പ്രസിഡന്റുമാര്‍), പി. പരമേശ്വരന്‍ (ജനറല്‍ സെക്രട്ടറി) കെ.വി. ശ്രീനിവാസന്‍, പി. ദിനേശ്, പി.എസ്. സജിത്ത്, ദിനുവേല്‍, ദീപ രാജേന്ദ്രന്‍ (സെക്രട്ടറിമാര്‍), എം.എം. സതീശന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക