ആലുവ : മയക്ക് മരുന്ന് വിൽപ്പനക്കാരനെ കരുതൽ തടങ്കലിൽ അടച്ച് എറണാകുളം റൂറൽ ജില്ലാ പോലീസ്. ഫോർട്ട് കൊച്ചി നെല്ലു കടവ് സനൂബ് (28)നെയാണ് പിറ്റ് ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കിയത്.
സ്ഥിരമായി മയക്ക് മരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിലടയ്‌ക്കാനുള്ള പ്രിവിൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സറ്റൻസ് ആക്ട് (പിറ്റ്എൻഡി പിഎസ്)പ്രകാരം റൂറൽ ജില്ലയിൽ നടപടിയ്‌ക്ക് വിധേയനാകുന്ന പന്ത്രണ്ടാമത്തെ പ്രതിയാണ് ഇയാൾ. ചെങ്ങമനാട്, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ സ്റ്റേഷനുകളിൽ അഞ്ച് ലഹരിക്കേസുകളിലും, മൂന്ന് ക്രിമനൽക്കേസുകളിലും സനൂബ് പ്രതിയാണ്.
ബംഗളൂരുവിൽ നിന്നും മറ്റും രാസലഹരി ഉൾപ്പടെയുള്ള മയക്ക് മരുന്ന് എറണാകുളത്ത് എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സ്ക്സേന സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെങ്ങമനാട് ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: