ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ കോടികൾ വിലയുള്ള വിഗ്രഹം തമിഴ്നാട് പോലീസ് തിരിച്ചുപിടിച്ചു. ലണ്ടനിലെ തിരുമങ്കയ് ആഴ്‌വാവെങ്കവിഗ്രഹം ആണ് തിരിച്ചുപിടിച്ചത്. തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുള്ള സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിലെ വിഗ്രഹം ആണ് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തിരിച്ചുപിടിച്ചിരിക്കുന്നത്. 1950നും 1967നും ഇടയിൽ മോഷണം പോയ 4 വിഗ്രഹങ്ങളിൽ ഒന്നാണിതെന്നാണ് കരുതുന്നത്.
വിഗ്രഹം മോഷ്ടിക്കപ്പെട്ടുവെന്നും അതിന്റെ ഒരു മാതൃക മാത്രമാണ് ക്ഷേത്രത്തിൽ ഉള്ളതെന്നുമുള്ള വിവരം 2020 ലാണ് പുറത്തുവരുന്നത്.1967 ൽ ഓക്സ്ഫോർഡ് മ്യൂസിയത്തിൽ ഈ വിഗ്രഹം എത്തി എന്നുള്ളതാണ് മ്യൂസിയത്തിലെ രേഖകൾ. കേസെടുത്തതിന് ശേഷം തമിഴ്നാട്ടിൽ വിഗ്രഹങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന സിഐഡി വിഭാഗം ഇത് സംബന്ധിച്ച് അന്വേഷിക്കുകയും ഓക്സ്ഫോർഡ് സർവകലാശാലയിലെ മ്യൂസിയത്തിലാണ് വിഗ്രഹം ഉള്ളതെന്ന് കണ്ടെത്തുകയുമായിരുന്നു.
പിന്നീട് തെളിവുകൾ ഓക്സ്ഫോർഡ് സർവകലാശാലയ്‌ക്ക് പോലീസ് കൈമാറി. പിന്നാലെ ലണ്ടനിൽ നിന്നുള്ള സംഘം തമിഴ്നാട്ടിലെത്തി പരിശോധനകൾ നടത്തി. ഇന്ന് സർവകലാശാല ആരാധനയ്‌ക്കായി വിഗ്രഹം വിട്ടുനൽകാമെന്ന് പോലീസിനെ അറിയിച്ചു. വിഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചിലവും സർവകലാശാല വഹിക്കും. ഒരുമാസത്തിനകം വിഗ്രഹം തിരിച്ചേല്പിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണെന്ന് തെളിവുസഹിതം അധികൃതരെ ബോധ്യപ്പെടുത്താൻ സാധിച്ച സിഐഡി വിഭാഗത്തെ ഡിജിപി ശങ്കർ ജിവാൾ അഭിനന്ദിച്ചു. വിഗ്രഹത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡിഎസ്പി പി ചന്ദ്രശേഖരനാണ് മ്യൂസിയം അധികൃതർക്ക് കൈമാറിയത്. രേഖകൾ പരിശോധിച്ച യൂണിവേഴ്സിറ്റി അധികൃതർ ഈ വിഗ്രഹം തഞ്ചാവൂരിലെ ശ്രീ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: