മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയെ ചൊല്ലി മഹാവികാസ് അഘാടിയിലുണ്ടായ പോര് രൂക്ഷമായി. ഉദ്ധവ് താക്കറെയുടെ ശിവസേനാ വൈകാതെ മുന്നണി വിടുമെന്ന മട്ടിലാണ് മഹാരാഷ്ട്രയിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
തോല്‍വിക്കു പിന്നാലെ ഉദ്ധവ് വിഭാഗം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു. ഇന്നലെയും അവര്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസിന്റെ അതിരു കടന്ന ആത്മവിശ്വാസം വലിയ നഷ്ടമുണ്ടാക്കിയത് തങ്ങള്‍ക്കാണെന്നാണ് ഇന്നലെ അംബാദാസ് ദാന്‍വെ തുറന്നടിച്ചത്.
‘കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിന് വില കൊടുക്കേണ്ടി വന്നത് തങ്ങളാണ്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിയിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഹരിയാനയിലെയും ജമ്മു കശ്മീരിലെയും പോലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. സീറ്റ് വിഭജന സമയത്ത് അവരുടെ മനോഭാവം സഖ്യകക്ഷികളെ നിരാശപ്പെടുത്തുന്നതായിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുതന്നെ അവര്‍ സ്യൂട്ടും ടൈയും ഒരുക്കിയിരിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. സഖ്യത്തിലെ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത് അന്ന് കോണ്‍ഗ്രസായിരുന്നു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേതാവ് നാനാ പട്ടോലെ (തോല്‍വിക്കു പിന്നാലെ രാജിവച്ചു) ഉള്‍പ്പെടെയുള്ളവര്‍ വലിയ വിലപേശലായിരുന്നു നടത്തിയത്. ദാന്‍വെ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 103 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 89 സീറ്റുകളില്‍ മത്സരിച്ച ശിവസേന ഉദ്ധവ് പക്ഷം 20 സീറ്റുകളില്‍വിജയിച്ചു. എന്‍സിപി 87 സീറ്റുകളിലാണ് മത്സരിച്ചത്. ഇവര്‍ 10 സീറ്റുകളിലും ജയിച്ചു.
തങ്ങളുടെ നയങ്ങളും ഹിന്ദുത്വ അജണ്ടയും എറിഞ്ഞു കളഞ്ഞ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് തോല്വക്കി കാരണമെന്ന തരത്തിലുള്ള ചിന്തകളും പല ശിവസേനാ നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. കാലങ്ങളായുള്ള, ബാല്‍ താക്കറെയുടെ നയത്തില്‍ അദ്ദേഹത്തിന്റെ മകന് ഉദ്ധവ് വെള്ളം ചേര്‍ത്തുവെന്നും പലരും കരുതുന്നു. ഈ സാഹചര്യത്തില്‍ മഹാസഖ്യം വിട്ട് ഒറ്റയ്ക്ക് നില്‍ക്കണമെന്നും കോണ്‍ഗ്രസിനോടും ശരദ് പവാറിന്റെ എന്‍സിപിയോടും വിട പറയണമെന്നുമുള്ള നിലപാടുള്ളവര്‍ ഉദ്ധവ് പക്ഷത്ത് കൂടുകയാണ്. എന്നാല്‍ കാര്യമായ രാഷ്ട്രീയ വിവേകമില്ലാത്ത ഉദ്ധവ് എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ്.
സഞ്ജയ് റാവത്തിന്റെ കടുത്ത നിലപാടുകളാണ് പ്രശ്നകാരണമെന്നും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കരുതുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളില്‍ അഘാടിയിലെ ഭിന്നത പൊട്ടിത്തെറിയില്‍ എത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: