Editorial

അരക്ഷിതമായ ബംഗ്ലാദേശ് ലോകത്തിനു ഭീഷണി

Published by

ബംഗ്ലാദേശില്‍ ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അറസ്റ്റും എല്ലാം ആ രാജ്യം എത്തിനില്‍ക്കുന്നത് എവിടെയാണെന്ന സൂചനയാണ് നല്‍കുന്നത്. ഹിന്ദുക്കളും മറ്റു ന്യൂനപക്ഷങ്ങളും മുസ്ലീം മതമൗലികവാദികളില്‍നിന്ന് കടുത്ത ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ബംഗ്ലാദേശില്‍, അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് ഹൈന്ദവ ആത്മീയ നേതാവും ഇസ്‌കോണിലെ സംന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അദ്ദേഹത്തെ ജയിലിലാക്കിയത് മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണെന്ന് വ്യക്തം. ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അരങ്ങേറിയ വ്യാപക അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ചിന്മയ് കൃഷ്ണദാസ് സ്വീകരിച്ചത്. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഇപ്പോള്‍ അവിടെ ഭരിക്കുന്നത് ‘കാവല്‍ പ്രധാനമന്ത്രി’യാണ്. പൂര്‍ണമായും ആ ഭരണകൂടം തീവ്രമതമൗലികവാദികളുടെ പിടിയിലാണ്. പാക്കിസ്ഥാനു പിന്നാലെ ഹൈന്ദവ ന്യൂനപക്ഷങ്ങളെ പാടെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ബംഗ്ലാദേശിലും മതമൗലികവാദികള്‍ക്കുള്ളത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സംഭവിക്കുന്നതു തന്നെ ബംഗ്ലാദേശിലും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഹിന്ദുക്കളെ കൂടാതെ ബുദ്ധമതാനുയായികള്‍, ക്രൈസ്തവര്‍ തുടങ്ങിയവരും അക്രമത്തിനിരകളാകുന്നു. അവരുടെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും സ്വത്തുക്കള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടം അതിന് ഒത്താശ ചെയ്യുകയാണ്. 1950 ല്‍ കിഴക്കന്‍ പാകിസ്ഥാന്‍ ആയിരുന്ന ബംഗ്ലാദേശില്‍ 22 ശതമാനം ഹിന്ദുക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇസ്ലാമിക ജിഹാദി സമീപനം കാരണം ഇന്ന് ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 7.2 ശതമാനമായി കുറഞ്ഞു. ഹിന്ദുക്കളുടെ ജീവനും സ്വത്തും കവര്‍ന്നെടുക്കുക മാത്രമല്ല, ബലമായുള്ള മതപരിവര്‍ത്തനവും അവിടെ സംഭവിക്കുന്നു. 55 ഹിന്ദുക്ഷേത്രങ്ങള്‍ ഷേഖ് ഹസീന അധികാരം ഒഴിഞ്ഞ ദിവസം മാത്രം തകര്‍ത്തെറിഞ്ഞു. മതമൗലികവാദ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് 2010 ആക്രമണങ്ങളെന്നാണ് കണക്കുകള്‍. കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരകളായത് 1,705 ന്യൂനപക്ഷ കുടുംബങ്ങളാണ്. ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങള്‍ക്ക് സ്വന്തം വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. സര്‍വ്വകലാശാലകളിലും കോളജുകളിലും ഹിന്ദു വിദ്യാര്‍ഥിനികള്‍ അപമാനിക്കപ്പെട്ടു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടു നില്‍ക്കുകയാണ്. അക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നുണ്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ ഭരണകൂടവും നിയമപാലകരും തയ്യാറാകുന്നില്ലെന്ന തരത്തില്‍ അത്യന്തം അരക്ഷിതമാണ് ഇന്ന് ബംഗ്ലാദേശ്. അക്രമികള്‍ക്കൊപ്പമാണ് ഭരണകൂടം. ചിന്മയ് കൃഷ്ണദാസിനെതിരായ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും എല്ലാ പ്രതിഷേധങ്ങളെയും അടിച്ചൊതുക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളിലും രാജ്യദ്രോഹക്കുറ്റം ചുമത്തി സംന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിലും ശക്തമായ പ്രതിഷേധമാണ് ഭാരതം അറിയിച്ചിട്ടുള്ളത്. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടു. മുസ്ലിം തീവ്രവാദികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ഹിന്ദുക്കള്‍ക്ക് ആത്മധൈര്യം പകരുകയായിരുന്നു ചിന്മയ് കൃഷ്ണദാസ്. അദ്ദേഹത്തിന്റെ അറസ്റ്റ് ഒരിക്കലും ഭാരതം അംഗീകരിക്കില്ല. ബംഗ്ലാദേശില്‍ അരങ്ങേറുന്നത് ലോകമെങ്ങുമുള്ള മുസ്ലീംഭൂരിപക്ഷ ദേശങ്ങളില്‍ നടക്കുന്ന വംശഹത്യയാണ്. ഇത്രത്തോളം അരക്ഷിതമായ ഒരു രാജ്യം ലോകത്തിനു തന്നെ ഭീഷണിയാണ്. കൂടുതല്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയിലേക്ക് ആ രാജ്യം മാറുന്നതിലേക്കാവും ഇപ്പോഴത്തെ സംഭവങ്ങള്‍ നയിക്കുക. ഐക്യരാഷ്‌ട്ര സഭയുടെയും ലോകരാജ്യങ്ങളുടെയും ശക്തമായ ഇടപെടലുകളാണ് ഇക്കാര്യത്തില്‍ വേണ്ടത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക