World

ബംഗ്ലാദേശിലെ തീവ്രവാദ നിലപാടുകളില്‍ ആശങ്ക: ഭാരതം

Published by

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന തീവ്രവാദ നിലപാടുകള്‍ക്കെതിരെ ഭാരതം. ഹിന്ദുക്കളും മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളും ബംഗ്ലാദേശില്‍ നേരിടുന്ന ആക്രമണങ്ങളും ഭീഷണികളും സംബന്ധിച്ച വിഷയങ്ങള്‍ ബംഗ്ലാദേശിനോട് ശക്തമായി ഉന്നയിച്ചതായി കേന്ദ്രവിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു.

ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള കലാപങ്ങളും പ്രകോപനങ്ങളും ബംഗ്ലാദേശില്‍ വര്‍ദ്ധിക്കുകയാണ്. പുറത്തുവരുന്ന സംഭവങ്ങളൊന്നും തന്നെ മാധ്യമങ്ങള്‍ പൊലിപ്പിക്കുന്നതല്ല. ആഗോളതലത്തില്‍ തന്നെ ഏറെ അംഗീകരിക്കപ്പെട്ടതും സാമൂഹ്യ സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്‌ക്കുന്നതുമായ സംഘടനയാണ് ഇസ്‌കോണ്‍. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ബംഗ്ലാദേശിനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ എല്ലാ നിയമ വഴികളും പുരോഗമിക്കുകയാണ്. നീതിപൂര്‍വ്വവും സുതാര്യവുമായ രീതിയില്‍ നിയമപ്രക്രിയ നിര്‍വഹിക്കപ്പെടുമെന്നാണ് ഭാരതത്തിന്റെ പ്രതീക്ഷ. എല്ലാവരുടേയും നിയമപരമായ അവകാശങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശിനെ ഓര്‍മ്മിപ്പിച്ചു.

അതേസമയം ജയിലിലടയ്‌ക്കപ്പെട്ട ഇസ്‌കോണ്‍ സംന്യാസി ചിന്മയ് കൃഷ്ണദാസിനും ഹിന്ദു നേതാക്കള്‍ക്കുമെതിരെയുള്ള ബംഗ്ലാദേശിലെ ഇടക്കാല ഇസ്ലാമിക ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ തുടരുന്നു.

കൃഷ്ണദാസിന്റെയും മറ്റ് 17 ആചാര്യന്മാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഇടക്കാല ഭരണകൂടം മരവിപ്പിച്ചു. 30 ദിവസത്തേയ്‌ക്കാണ് ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ് (ബിഎഫ്‌ഐയു) അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ക്തെതിരെ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക