Kerala

അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 500 കിലോഗ്രാം മെത്താഫെറ്റാമിന്‍ കണ്ടെടുത്തു

Published by

കൊച്ചി: അറബിക്കടലില്‍ നാവികസേനയുടെ വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ പതാക വച്ച രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ നിന്നായി 500 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താഫെറ്റാമിന്‍ പിടികൂടി. ബോട്ടുകളെയും ഇതിലുണ്ടായിരുന്നവരെയും ശ്രീലങ്കന്‍ നാവികസേനയ്‌ക്ക് കൈമാറി.

ശ്രീലങ്കന്‍ നാവിക സേനയുടെ സഹകരണത്തോടെയായിരുന്നു ദൗത്യം. അവര്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാരത നേവല്‍ ലോങ് റേഞ്ച് മാരിറ്റൈം പട്രോള്‍ എയര്‍ക്രാഫ്റ്റും റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റും നടത്തിയ നിരീക്ഷണത്തിലാണ് ലഹരി മരുന്നുമായുള്ള രണ്ട് മീന്‍പിടിത്ത ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. 24, 25 തീയതികളിലാണ് ലഹരിമരുന്ന് പിടികൂടിയതെന്നും നാവികസേന അറിയിച്ചു.

ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാവികസേന യുദ്ധക്കപ്പലും ഹെലികോപ്റ്ററുകളും വിന്യസിച്ചു. പ്രത്യേക പരിശീലനം ലഭിച്ച നാവികസേനാംഗങ്ങള്‍ ബോട്ടുകളിലെത്തി ലഹരിമരുന്ന് കടത്തുകാരെ പിടികൂടുകയായിരുന്നു. ശ്രീലങ്കയുമായുള്ള മെച്ചപ്പെട്ട നാവിക പങ്കാളിത്തത്തിന്റെ കൂടി തെളിവാണ് ഈ ദൗത്യമെന്നും നാവികസേന ചൂണ്ടിക്കാട്ടി.

ആന്‍ഡമാനില്‍ വച്ച് മ്യാന്‍മറില്‍ നിന്നുള്ള അഞ്ച് ടണ്‍ ലഹരിമരുന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും വന്‍ ലഹരിവേട്ട. കൂടാതെ ദിവസങ്ങള്‍ക്ക് മുമ്പ് നാ
ര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും ഗുജറാത്ത് പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെയും സംയുക്ത ദൗത്യത്തില്‍ പോര്‍ബന്ദര്‍ തീരത്ത് നിന്ന് 700 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക