Sports

വെള്ളക്കരു കിട്ടുമ്പോള്‍ ചൈനക്കാരനെ വീഴ്‌ത്തുക, കറുത്ത കരു കിട്ടുമ്പോള്‍ സമനിലയ്‌ക്ക് വേണ്ടി കളിക്കുക- ഗുകേഷിന്റെ പുത്തന്‍ തന്ത്രം ഫലിക്കുന്നു

Published by

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടപ്പോരില്‍ ചൈനക്കാരനായ ഡിങ്ങ് ലിറനെതിരെ ഇന്ത്യക്കാരനായ 18 വയസ്സുകാരന്‍ ഡി.ഗുകേഷ് പയറ്റുന്ന തന്ത്രം മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ ഫലിച്ചിരിക്കുകയാണ്.
അതായത് വെള്ളക്കരുക്കള്‍ കിട്ടുമ്പോള്‍ ചൈനക്കാരനെ ആക്രമിച്ച് പരാജയപ്പെടുത്തുക, കറുത്ത കരുക്കള്‍ കിട്ടിയാല്‍ അധികം ആക്രമിക്കാതെ സമാധാനത്തിന്റെ വഴിയിലൂടെ കളിയെ സമനിലയില്‍ എത്തിക്കുക. ഇതാണ് ഇപ്പോള്‍ ഗുകേഷിന്റെ തന്ത്രം.

ഇപ്പോഴിതാ ഗുകേഷ് കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച നാലാമത്തെ ഗെയിം വ്യാഴാഴ്ച സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. ഇതോടെ ഓരോ കളിയില്‍ ഇരുവരും ജയിക്കുകയും മറ്റ് രണ്ട് കളികള്‍ സമനിലയില്‍ പിരിയുകയും ചെയ്തതോടെ 2-2 എന്ന പോയിന്‍റ് നിലയില്‍ നില്‍ക്കുകയാണ് ഗുകേഷും ഡിങ് ലിറനും.

ബുക്കിലില്ലാത്ത കരുനീക്കങ്ങളുമായി ഡിങ്ങ് ലിറന്‍

നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറന്‍ നല്ലതുപോലെ ലോകകപ്പിന് ഒരുങ്ങിയാണ് വന്നതെന്ന് ഇതുവരെ തീര്‍ന്ന നാല് കളികള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധ്യമാവുന്നു. ഡിങ്ങ് ലിറന്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന തന്ത്രം ഇതാണ്. ബുക്കില്‍ പറയാത്ത കരുനീക്കങ്ങള്‍ നടത്തുക. ഗുകേഷാകട്ടെ താന്‍ മുന്നൊരുക്കം നടത്താത്ത രീതിയില്‍ കളി മുന്നോട്ട് പോയാല്‍ ആകെ അപ്സെറ്റ് ആകുന്ന താരമാണ്. അപ്പോള്‍ അദ്ദേഹം ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുക്കും. ഇത് കളി മധ്യഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും ഗുകേഷിന് മേല്‍ സമയസമ്മര്‍ദ്ദമുണ്ടാക്കും. അങ്ങിനെ ഗുകേഷിനെ വീഴ്‌ത്തുക തന്ത്രമാണ് ഡിങ്ങ് ലിറന്‍റേത്. ഇത് ആദ്യഗെയിമില്‍ വിജയിച്ചിരുന്നു. പുസ്തകത്തില്‍ പറയാത്ത കരുനീക്കങ്ങളാണ് ഡിങ്ങ് ലിറന്‍ നടത്തിയത്. വൈകാതെ സമയസമ്മര്‍ദ്ദത്തിലായ ഗുകേഷ് തോറ്റു. പക്ഷെ നാലാമത്തെ ഗെയിമില്‍ ഇതിനെ സമചിത്തതയോടെ ഗുകേഷ് നേരിട്ടു. സമനില നേടുകയും ചെയ്തു.

നാലാമത്തെ ഗെയിമില്‍ റെറ്റി ഓപ്പണിംഗ് ആണ് ഡിങ്ങ് ലിറന്‍ സ്വീകരിച്ചത്. അതില്‍ തന്നെ ആരും കാണാത്ത ഒരു വേരിയേഷനും പയറ്റി നോക്കി. പക്ഷെ കരുതലോടെ കളിച്ച ഗുകേഷ് പിഴവ് വരുത്തിയില്ല. ഒടുവില്‍ 42ാം നീക്കത്തില്‍ ഇരുവരും സമനിലയില്‍ പിരിയുകയായിരുന്നു.

ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം പറയാതെയുള്ള ഡിങ്ങ് ലിറന്റെ രീതി അദ്ദേഹം കൂടുതല്‍ ആത്മവിശ്വാസം ആര്‍ജ്ജിച്ചതിന്റെ സൂചനയായി ചിലര്‍ കാണുന്നു. ആദ്യ ദിവസം ലോകകപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രണ്ട് സെക്കന്‍റ് ഒരുങ്ങി എന്നാണ് ഡിങ്ങ് ലിറന്‍ പറഞ്ഞത്. നാലാമത്തെ ഗെയിമിലെ സമനിലയെപ്പറ്റി ചോദിച്ചപ്പോള്‍ ധാരാളം വെള്ളം കുടിക്കുകയും സീറ്റില്‍ നിന്നും ഏഴുന്നേറ്റ് പോയി സ്നാക്കുകള്‍ കഴിക്കുകയും ചെയ്തത് സമനില നേടാന്‍ സഹായിച്ചു എന്നാണ് ഡിങ്ങ് ലിറന്‍ പറയുന്നത്.

അഞ്ചാം ഗെയിമില്‍ വെള്ളക്കരു- ഗുകേഷിന് ആത്മവിശ്വാസം
അഞ്ചാമത്തെ ഗെയിമില്‍ വെള്ളക്കരു ലഭിക്കുന്നതിനാല്‍ കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ഗുകേഷിന്റെ പദ്ധതി. മൂന്നാം ഗെയിമില്‍ ഈ രീതി ഫലം കണ്ടതിനാലാണ് അഞ്ചാം ഗെയിമിലും അത് ആവര്‍ത്തിക്കാന്‍ ഗുകേഷ് ആലോചിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക