Kerala

മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം നേതാവ് കെ ആന്‍സലന്‍ എം എല്‍ എ, പ്രകോപനമായത് വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയ ചിത്രം പുറത്തുവിട്ടത്

Published by

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി സി പി എം നേതാവ് കൂടിയായ നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍. മാധ്യമങ്ങള്‍ക്ക് കൃമികടിയെന്നാണ് എം എല്‍ എയുടെ അധിക്ഷേപം.

റവന്യൂ ജില്ല കലോത്സവത്തിലുണ്ടായ വീഴ്ചകളും സംഘാടന പിഴവും വാര്‍ത്തയാക്കിതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് എംഎല്‍എ മാധ്യമങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.

കലോത്സവം തുടങ്ങുന്നതിന് മുന്നോടിയായി ഉയരമുളള കൊടിമരത്തില്‍ പതാക കെട്ടാനായി പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഒരു സുരക്ഷയുമില്ലാതെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കയറ്റിയത് വിവാദമായിരുന്നു. പിന്നാലെ വിധി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍, സംഘാടനത്തിലെ പിഴവ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നെയുമുണ്ടായി. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.

അതിനിടെ കെ.ആന്‍സലന്‍ എം എല്‍ എ മാധ്യമങ്ങള്‍ക്കു നേരെ നടത്തിയ വില കുറഞ്ഞ പരാമര്‍ശങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കലോത്സവ വേദികളിലെ തര്‍ക്കങ്ങളും മത്സരങ്ങള്‍ വൈകുന്നതിന്റെ പേരില്‍ മത്സരാര്‍ത്ഥികള്‍ക്ക് ‘ ഉണ്ടാകുന്ന പ്രയാസങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ തന്റെ കൂടി സാന്നിധ്യത്തില്‍ യാതൊരു സുരക്ഷയുമില്ലാതെ ഒരു വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയ ആയിരം വാക്കുകള്‍ക്കു തുല്യമായ ചിത്രമാണ് എംഎല്‍എയുടെ ‘കൃമികടി’ പ്രസംഗത്തിനു പിന്നിലെന്ന് വ്യക്തമാണ്. സംഭവങ്ങള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജനപ്രതിനിധികള്‍ അത് ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക