ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസം തന്നെ നഷ്ടമായതോടെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് ഗാന്ധി കുടുംബത്തിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുതുടങ്ങുന്നതായി റിപ്പോര്‍ട്ട്.
ഫോട്ടോ എടുക്കാൻ വിളിച്ചിട്ട് ചെല്ലാതെ കെസി.
മഹാരാഷ്‌ട്ര തോൽവിക്ക് ശേഷം KC ഗാന്ധി കുടുംബത്തിന് അപ്രിയനായോ?
കോൺഗ്രസിൽ കേസിയുടെ കാലം കഴിഞ്ഞോ? pic.twitter.com/iW6MT1ZXvJ— Tom Mathews Moolamattom (@TMoolamattom) November 28, 2024
പുതിയ ലോക് സഭാ എംപിയായി പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്ന പ്രിയങ്കഗാന്ധിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ രാഹുല്‍ ഗാന്ധി എടുക്കുന്നതിന്റെ വീഡിയോ കാട്ടിയാണ് കെ.സി. വേണുഗോപാലിനെതിരെ വിമര്‍ശനവും പരിഹാസവും. പ്രിയങ്കയ്‌ക്കൊപ്പം ഫോട്ടോയില്‍ പോസ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. അവരില്‍ ചിലര്‍ കെ.സി. വേണുഗോപാലിനെ പ്രിയങ്കയ്‌ക്ക് ഒപ്പം നില്‍ക്കാന്‍ വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
പക്ഷെ വേണുഗോപാല്‍ ചെല്ലാന്‍ കൂട്ടാക്കാതെ മടിയോടെ നില്‍ക്കുകയാണ്. ഫോട്ടോയെടുക്കുന്ന രാഹുല്‍ ഗാന്ധി വേണുഗോപാലിനെ മൈന്‍ഡ് ചെയ്യുന്നതുപോലുമില്ല. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വേണുഗോപാലിന് ഗാന്ധി കുടുംബത്തില്‍ സ്വാധീനം കുറയുന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. മഹാരാഷ്ടര്യില്‍ കോണ്‍ഗ്രസ് ഗതികിട്ടാത്ത തരത്തില്‍ തോറ്റു. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഏറ്റുവാങ്ങി. 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. മഹാരാഷ്ടയില്‍ മഹാവികാസ് അഘാദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കുള്ളില്‍ വളര്‍ത്തിയിരുന്നു. പക്ഷെ ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി.മാത്രമല്ല, നാണം കെട്ട തോല്‍വിയെ തുടര്‍ന്ന മഹാവികാസ് അഘാഡിയില്‍ നിന്നും പുറത്തുപോകാന്‍ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ.
ഇതിന് മുന്‍പ് ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് നാണം കെട്ട വിധം തോറ്റിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളാണ് കെ.സി. വേണുഗോപാല്‍. ഇദ്ദേഹത്തിന്റെ കാലത്ത് കോണ്‍ഗ്രസ് എന്ന സംഘടനയുടെ സംഘടനാചട്ടക്കൂട് ദുര്‍ബലമാവുന്നു എന്ന പരാതി ശക്തിമാവുകയാണ്. മഹാരാഷ്‌ട്രയില്‍ കേന്ദ്ര, സംസ്ഥാന, ലോക്കല്‍ നേതാക്കള്‍ തമ്മിലുള്ള മാനസിക ഐക്യം കുറവായിരുന്നുവെന്ന് പറയപ്പെടുന്നു. വാസ്തവത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രചാരണങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതും താഴെത്തട്ടില്‍ വേണ്ട പരിപാടികള്‍ നടപ്പിലാക്കേണ്ടതും വേണുഗോപാലിന്റെ ചുമതലയാണ്. ഇതില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നുവെന്നാണ് മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയെ 10 ഭാഗങ്ങളായി തിരിച്ച് ഓരോ മേഖലയിലും ഓരോ നേതാക്കള്‍ക്ക് ചുമതല നല‍്കിയിരുന്നു. പക്ഷെ ഇവര്‍ ആരും താഴെതട്ടില്‍ പ്രവര്‍ത്തിച്ചില്ലെന്നും പരാതിയുണ്ട്. അവരെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ അംഗബലം കൂട്ടുന്നതിലും താഴെത്തട്ടിലുള്ള സംഘടനാസ്വാധീനം ശക്തിപ്പെടുത്തുന്നതിലും വളണ്ടിയര്‍മാരെ പ്രവര്‍ത്തനസജ്ജമാക്കുന്നതിലും എല്ലാം വേണുഗോപാല്‍ ശുദ്ധ പരാജയമാണെന്ന് മഹാരാഷ്ടയിലെ മറ്റൊരു നേതാവ് പറയുന്നു. പക്ഷെ രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പമാണ് ഇപ്പോഴും വേണുഗോപാലിന്റെ സ്ഥാനത്തിനും പദവിക്കും ഇടിവുതട്ടാതെ നിലനിര്‍ത്തുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ആര്‍പിഎന്‍ സിങ്ങ് തുടങ്ങിയ സമര്‍ത്ഥരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം പാര്‍ട്ടി വിട്ടുപോയി. വാസ്തവത്തില്‍ രാഹുല്‍ ഗാന്ധിയും തന്നേക്കാള്‍ സ്മാര്‍ട്ടായ ഒരു നേതാവിനെ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ച സംഘടനാതലത്തില്‍ വളരെ സാവധാനമാണെന്ന അഭിപ്രായവും സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. മഹാരാഷ്‌ട്രയിലെ തോല്‍വിക്ക് ശേഷം സണ്ടേ ഗാര്‍ഡിയന്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: