ന്യൂദൽഹി : പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പാർലമെൻ്റ് നടപടികൾ തടസ്സപ്പെടുത്തിയതിനെ നിശിതമായി വിമർശിച്ച് ബിജെപി നേതൃത്വം. പാർലമെൻ്റിനെ അപമാനിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം വഹിക്കുന്നതാണ് യഥാർത്ഥ വസ്തുതയെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
“ഭരണഘടനയുടെ സംരക്ഷണത്തിനായി കാമ്പെയ്ൻ നടത്തുന്ന ഈ ആളുകൾ, തങ്ങളുടെ രാജകുടുംബാംഗമായ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെൻ്റിനെ ഉപയോഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടൻ കോൺഗ്രസ് സഭ നിർത്തിവെക്കാൻ നിർബന്ധിതരായത് നിർഭാഗ്യകരമാണ്, ”- ധർമേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചു.
ഇതിനു പുറമെ ഭരണഘടനയെ പലപ്പോഴും വിളിച്ചോതുന്ന കോൺഗ്രസ് നേതാക്കൾ രാജ്യത്തെ ദ്രോഹിക്കുകയും ഒരു കുടുംബത്തിന്റെ താൽപര്യം വർദ്ധിപ്പിക്കാനുള്ള വ്യഗ്രതയിൽ രാജ്യത്തെ പൗരന്മാരെ ഒറ്റിക്കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സോണിയ ഗാന്ധിയെയും പിന്നെ രാഹുൽ ഗാന്ധിയെയും ഇപ്പോൾ പ്രിയങ്ക ഗാന്ധിയെയും പുറത്തിറക്കാൻ മാത്രമാണ് കോൺഗ്രസ് പാർലമെൻ്റിനെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. കൂടാതെ ഭരണഘടനയെ തരംഗമാക്കുന്ന ഈ രാജകുടുംബം 76 തവണ ഭരണഘടന ഭേദഗതി ചെയ്യുകയും 88 തവണ ആർട്ടിക്കിൾ 356 ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുകയും ചെയ്തുവെന്നും പ്രധാൻ വിമർശിച്ചു.
ജനങ്ങളുടെ മൗലികാവകാശങ്ങൾ അടിച്ചമർത്തിക്കൊണ്ട് കോൺഗ്രസ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും രാജ്യത്തെ ജയിലാക്കി മാറ്റുകയും ചെയ്തു. കോൺഗ്രസ് പാർട്ടിക്ക് ഒരിക്കലും ഭരണഘടനയുടെ സംരക്ഷകനാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പാർലമെൻ്റ് സുഗമമായി പ്രവർത്തിച്ചാൽ അത് രാജ്യത്തിന് ഗുണം ചെയ്യുമെങ്കിലും കോൺഗ്രസിന് അത് സ്വീകാര്യമല്ല. കോൺഗ്രസിന്റെ രാഷ്‌ട്രീയം തടസ്സങ്ങളെയും അരാജകത്വത്തെയും മാത്രം ആശ്രയിച്ചിരിക്കുന്നു. ജനങ്ങൾ ഇപ്പോൾ ഇവരുടെ പ്രവൃത്തിയിലൂടെ അത് കണ്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: