തളിപ്പറമ്പ്: പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബര്‍ രണ്ടിന് രാവിലെ 9.46നും 10.16നും മധ്യേ കൊടിയേറും. മടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം. സതീശന് മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിക്കും. ഉച്ചയ്ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ തയാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് രണ്ട് മുതല്‍ മലയിറക്കല്‍ കര്‍മം. മൂന്ന് മുതല്‍ തയ്യില്‍ തറവാട്ടുകാരുടെ പൂര്‍വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ്.
തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്ണപ്പകിട്ടാര്ന്ന കാഴ്ചവരവുകള്‍ മുത്തപ്പ സന്നിധിയില്‍ എത്തിച്ചേരും. സന്ധ്യയോടെ മുത്തപ്പന് വെള്ളാട്ടം, അന്തിവേല, കലശം എഴുന്നള്ളിപ്പ്. മൂന്നിന് പുലര്‍ച്ചെ തിരുവപ്പന. രാവിലെ 10 മണിയോടെ കാഴ്ച വരവുകാരെ മുത്തപ്പന് അനുഗ്രഹിച്ചു യാത്രയാക്കും. ഡിസംബര്‍ 6ന് കലശാട്ടത്തോടെ മഹോത്സവം കൊടിയിറങ്ങും.
ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 5, 6 തീയതികളില്‍ കഥകളിയും ഏഴിന് രാത്രി പത്തിന് രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല് പാവക്കൂത്തും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി.എം. വിനോദ് കുമാര്‍, പി.എം. സുജിത്ത് കുമാര്‍, പി.സജീവന്, ശരത്ത് പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: