തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതിലൂടെ സംസ്ഥാനത്തിനുണ്ടായത് കോടികളുടെ നഷ്ടം. തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാപ്തിയും തട്ടിപ്പുകാരുടെ പേരുവിവരങ്ങളും ഒളിച്ചുവച്ച് ധനവകുപ്പ്. 2022ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 2017-18 മുതല്‍ 2019-20 വരെ നഷ്ടമായത് 39.27 കോടിയാണ്. അന്ന് സിഎജി റിപ്പോര്‍ട്ടിനെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയത് 1458 ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കുന്നെന്നാണ്. യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതാണെന്ന് മന്ത്രിയുടെ തന്നെ അഭിപ്രായവും.
സിഎജി കണക്കു പ്രകാരം മൂന്നു വര്‍ഷത്തെ ശരാശരി നഷ്ടം 13.09 കോടിയാണ്. എന്നാല്‍ മന്ത്രി പറയുന്നത് 1458 പേര്‍ 1600 രൂപ വച്ച് തട്ടിയെടുത്തെന്നാണ്. ഇതു പ്രകാരം പ്രതിമാസ നഷ്ടം 23 ലക്ഷത്തിലേറെ (23,32,800) മാത്രമാണ്. പ്രതിവര്‍ഷ ശരാശരി നഷ്ടം 2,79,93,600 രൂപയേ വരുന്നുള്ളൂ. കൂടുതല്‍ കണക്കുകള്‍ പുറത്തുവരാനുണ്ടെന്ന് ധനമന്ത്രി തന്നെ സൂചന നല്കിയെങ്കിലും യഥാര്‍ത്ഥ കണക്കും തട്ടിപ്പുകാരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് മന്ത്രിതന്നെ പറയുമ്പോള്‍ പൊതുമുതല്‍ തട്ടിയെടുത്തവരെ സംരക്ഷിക്കുകയെന്ന തെറ്റായ കീഴ്‌വഴക്കത്തിനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതെന്ന ആരോപണം ശക്തമാകുന്നു.
തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ ബാഹ്യ സ്വാധീനങ്ങള്‍ ഉണ്ടായതായും സംശയമുണ്ട്. തട്ടിപ്പുകാരില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചുപിടിക്കുമെന്നും ഇവര്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ധനമന്ത്രി പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ ഫണ്ടില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെങ്കിലും 2022 ഒക്ടോബര്‍ വരെ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് സിഎജി കുറ്റപ്പെടുത്തിയിരുന്നു. തട്ടിപ്പുകള്‍ 2000 മുതല്‍ തുടരുന്നതായാണ് സിഎജി മുന്നറിയിപ്പു നല്കിയത്. ഇരുമുന്നണികളുടെയും ഭരണ കാലത്ത് തട്ടിപ്പുകാര്‍ സ്വതന്ത്രമായി വിഹരിച്ചിരുന്നെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക