India

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: കേന്ദ്രം; സംഭവ വികാസങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

Published by

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ബംഗ്ലാദേശിലെ എല്ലാ പൗരന്മാരുടെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനാണ്. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഭാരതസര്‍ക്കാര്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കാലാവധി നീട്ടി. ഇതു സംബന്ധിച്ച പ്രമേയം ലോക്സഭ പാസാക്കി. ജെപിസി അധ്യക്ഷന്‍ ജഗദംപികാപാല്‍ ആണ് പ്രമേയം അവ തരിപ്പിച്ചത്. അടുത്തവര്‍ഷം ഏപ്രിലില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാനം വരെ സമയം നീട്ടണമെന്ന ആവശ്യം സഭ അംഗീകരിക്കുകയായിരുന്നു.

വയനാട്, നന്ദേഡ് ലോക്സഭാ മണ്ഡലങ്ങളിലെ പുതിയ എംപിമാരായ പ്രിയങ്ക വാദ്ര, രവീന്ദ്ര വസന്ത റാവു ചവാന്‍ എന്നിവര്‍ ഇന്നലെ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലും സത്യപ്രതിജ്ഞയ്‌ക്കുപിന്നാലെ ലോക്സഭയിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളംവെച്ചു. ഇതോടെ ഇരുസഭകളും പിരിയുകയായിരുന്നു. ലോക്സഭ അല്പസമയം നിര്‍ത്തിവെച്ച് പുനരാരംഭിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ പിരിയുകയായിരുന്നു. പ്രതിപക്ഷം മറ്റ് അംഗങ്ങളുടെ അവകാ ശങ്ങളെ ഹനിക്കുകയാണെന്നും ഈ സമീപനം ശരിയല്ലെന്നും പാലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

അതിനിടെ ബംഗ്ലാദേശിലെ പുതിയ സംഭവ വികാസങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിവരിച്ചു.

ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഭാരതം ശക്തമായ ഇടപെടലിലേക്ക് കടക്കാനാണ് സാധ്യത. സ്ഥാനഭ്രഷ്ടയായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയത്. ഭരണഘടനാ വിരുദ്ധമായി അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹസീന കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക