World

ജപ്പാന്റെ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു, തനേഗാഷിമ സ്പേസ് സെന്‍ററിൽ വൻ തീപ്പിടുത്തം

Published by

ടോക്കിയോ: റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയുടെ എപ്‌സിലോണ്‍ എസ് റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഇതെത്തുടർന്ന് തനേഗാഷിമ സ്പേസ് സെന്‍ററില്‍ വന്‍ തീപ്പിടുത്തമുണ്ടായി. പരീക്ഷണത്തിനിടെ എപ്‌സിലോണ്‍ എസ് റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുടെ വിശദീകരണം.

ജ്വലിപ്പിച്ചതിന് 49 സെക്കന്‍ഡുകള്‍ക്ക് ശേഷം രണ്ടാംഘട്ട മോട്ടോര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ റോക്കറ്റിന്റെ എഞ്ചിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബഹിരാകാശ ഏജന്‍സി കേന്ദ്രം നിലനില്‍ക്കുന്ന മലമുകളില്‍ കൂറ്റന്‍ തീജ്വാലകളും പുകയും പ്രത്യക്ഷപ്പെട്ടു. അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനേഗാഷിമ സ്പേസ് സെന്‍ററിലെ തീ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ അണച്ചു.

പൊട്ടിത്തെറിയിലും തീപ്പിടുത്തത്തിലും ആര്‍ക്കും പരിക്കില്ല.എന്നാല്‍ ബഹിരാകാശ കേന്ദ്രത്തില്‍ നാശനഷ്ടങ്ങളുണ്ട്. എന്താണ് റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല എന്നും ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുടെ എപ്‌സിലോണ്‍ പ്രൊജക്ട് മാനേജര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.ഹെവി മെഷീനുകള്‍ നിര്‍മിക്കുന്ന ഐഎച്ച്ഐയുമായി സഹകരിച്ചാണ് ജപ്പാന്‍ എപ്‌സിലോണ്‍ എസ് റോക്കറ്റ് വികസിപ്പിക്കുന്നത്. ജപ്പാന്റെ ബഹിരാകാശ സ്വപ്നങ്ങളില്‍ ഏറെ നിര്‍ണായകമായ റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by