കൊച്ചി: താന്‍ സാഹിത്യ അക്കാദമി ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് അറിയിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്‍ പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു. ഭൂമിയില്‍ എനിക്ക് കുറച്ച് സമയമേ ഉള്ളൂവെന്നും ലാപ് ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും സാഹിത്യഅക്കാദമി അധ്യക്ഷപദവി മുതലുള്ള ചുമതലകള്‍ ഒഴിയുകയാണെന്നും വിശദീകരിക്കുന്ന ഫേസ് ബുക്ക് കുറിപ്പാണ് ഇപ്പോള്‍ പിന്‍വലിച്ചത്. അതേ സമയം സച്ചിദാനന്ദന്‍ പദവി ഒഴിയുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി സച്ചിദാനന്ദന്റെ സ്ഥിരം സ്വഭാവമായി ഇത് മാറിയിരിക്കുന്നു. ഫേസ്ബുക്കില്‍ വിവാദമായ പോസ്റ്റ് ഇടും. പിന്നീട് അല്‍പ നേരം കഴിഞ്ഞാല്‍ ചില ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അത് പിന്‍വലിക്കും. എന്താണ് കവിമനസ്സിനുള്ളിലെ സംഘര്‍ഷമെന്ന് ആര്‍ക്കും അറിയുന്നില്ല.
കുറച്ചുദിവസം മുന്‍പ് താല്‍ക്കാലിക മറവി രോഗം തന്നെ വീണ്ടും പിടികൂടിയതായി സൂചിപ്പിച്ച് സച്ചിദാനന്ദന്‍ മറ്റൊരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ മറവി രോഗം ബാധിച്ചയാള്‍ എങ്ങിനെയാണ് സാഹിത്യ അക്കാദമി അധ്യക്ഷപദം പോലുള്ള ഒരു കസേരയില്‍ ഇരിയ്‌ക്കും എന്ന ചോദ്യമുയര്‍ന്നതോടെ അദ്ദേഹം ആ പോസ്റ്റും പിന്‍വലിച്ചിരുന്നു. പണ്ട് മറവി രോഗത്തിന് താന്‍ മരുന്ന് കഴിച്ചിരുന്നെന്നും അന്ന് മാറിയ മറവി രോഗം തന്നെ വീണ്ടും പിടികൂടിയതായും ഉള്ള ഈ ഫേസ് ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പക്ഷെ പിന്നീട് തനിക്ക് മറവി രോഗമില്ലെന്നും മാധ്യമങ്ങള്‍ക്കാണ് മറവി രോഗമെന്നും സൂചിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം വീണ്ടും സച്ചിദാനന്ദന്‍ പോസ്റ്റിട്ടിരുന്നു. അടിക്കടി പരസ്പരവിരുദ്ധമായ ചിന്തകള്‍ പങ്കുവെയ്‌ക്കുന്നതും സച്ചിദാനന്ദന്റെ മാനസിക സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്നാണ് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച അദ്ദേഹം പങ്കുവെച്ച സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെയ്‌ക്കുന്നതായി സൂചിപ്പിക്കുന്ന പോസ്റ്റാണ് അല്‍പനേരം കഴിഞ്ഞ് അദ്ദേഹം പിന്‍വലിച്ചത്. അപ്പോഴേയ്‌ക്കും ആ പോസ്റ്റ് എത്തേണ്ട ഇടത്തെല്ലാം എത്തി ചൂടുള്ള ചര്‍ച്ചയായി കഴിഞ്ഞിരുന്നു.
കെ സച്ചിദാനന്ദൻ പിൻവലിച്ച ഫേസ്ബുക്ക് പോസ്റ്റ്
എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവെച്ചിരുന്നു. ലാപ്ടോപ്പിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയിൽ ഞാൻ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയിൽ നിന്നും ഒഴിയുകയാണ്.
ഒപ്പം എന്നിൽ വിശ്വാസം അർപ്പിച്ച് ചുമതലയേൽപ്പിച്ച മലയാളത്തിലേയും ഇംഗ്ലീഷിലേയും പബ്ലിഷിംഗ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളിൽ നിന്നും ഒഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക