മാസ് ആക്ഷന്‍ രംഗങ്ങളില്ല, പ്രേക്ഷകരെ ഞെട്ടിക്കുന്ന വയലന്‍സുകളില്ല, ശബ്ദകോലാഹങ്ങളില്ല, സിനിമയിലുടനീളം നര്‍മ്മത്തിന്റെ മേമ്പൊടി. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഞാന്‍ കണ്ടതാ സാറേ.
പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന വരുണ്‍ ജി. പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും ബൈജു സന്തോഷും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും അമീര്‍ അബ്ദുള്‍ അസീസും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ കൂടിയായ ദീപു കരുണാകരനും ചിത്രത്തില്‍ ശക്തമായ ഒരു വേഷം ചെയ്തിരിക്കുന്നു. അലന്‍സിയര്‍, മെറീനാ മൈക്കിള്‍, സുധീര്‍ കരമന, സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, ബാലാജി ശര്‍മ, മല്ലിക സുകുമാരന്‍ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്.
ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന നായകന്റെ കഥയാണ് ചിത്രം. ജോക്കുട്ടന്‍ എന്ന ടാക്‌സി ഡ്രൈവറായി രംഗത്തെത്തുന്ന ഇന്ദ്രജിത്ത് അതിഭാവുകത്വമില്ലാതെ തന്റെ നായകവേഷം അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലുടനീളം ചിരിക്കാനുള്ള വക നല്‍കി നടന്‍ ബൈജുവിന്റെ കഥാപാത്രമായ പാട്രിക്ക് പ്രേക്ഷകരെ കയ്യിലെടുക്കും. ഡിവൈഎസ്പി ശ്രീകാന്തായി രംഗത്തെത്തുന്ന സംവിധായകനും നിര്‍മാതാവുമായ ദീപു കരുണാകരന്റെ അഭിനയരംഗത്തേക്കുള്ള കാല്‍വെയ്‌പ്പ് കൂടിയാണ് ചിത്രം. ഒരു നവാഗതന്റെ ആശങ്കയില്ലാതെ ദീപു കരുണാകരന്‍ തന്റെ റോള്‍ ഭദ്രമാക്കിയിട്ടുണ്ട്. ഭയവും ആശങ്കയുമൊക്കെയുള്ള ഒരു പാവത്താനായി, സഹോദരിയോടൊപ്പം താമസിക്കുന്ന ടാക്‌സി ഡ്രൈവറായ ജോക്കുട്ടനിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ജോക്കുട്ടന്റെ സുഹൃത്തായ പാട്രിക്കായി എത്തുന്ന ബൈജു തന്റെ കഥാപാത്രത്തെ ഹാസ്യാത്മകതയോടെ അവതരിപ്പിക്കുമ്പോള്‍ ചിത്രത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം കൈവരുന്നു.
അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന ജോക്കുട്ടന്‍ അത് പോലീസിനോട് തുറന്നു പറയാന്‍ പോലീസ് സ്റ്റേഷനിലെത്തുന്നു. ഡിവൈഎസ്പി ശ്രീകാന്തിനോട് വിവരങ്ങള്‍ വെളിപ്പെടുത്താനെത്തുന്ന ജോക്കുട്ടന്റെ ജീവിതം അവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നു. പോലീസ് സ്റ്റേഷനില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജോക്കുട്ടന്‍ പ്രതിയിലേക്കെത്തുന്നിടത്ത് സിനിമ മറ്റൊരു സസ്‌പെന്‍സിലേക്ക് പ്രേക്ഷകനെ വഴിമാറ്റുന്നു. ജോക്കുട്ടനിലൂടെ പോലീസ് എത്തിച്ചേരുന്ന പ്രതിയുടെ ദുരൂഹതയും അയാള്‍ പ്രതിയാക്കപ്പെടുന്ന സാഹചര്യവും ചുരുളഴിക്കപ്പെടുന്നിടത്താണ് തിരക്കഥയുടെ ശക്തി. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് നല്‍കുന്ന ക്ലൈമാക്‌സാണ് ചിത്രത്തിന്റെ പ്രത്യേകത. എന്നാല്‍ ക്ലൈമാക്‌സില്‍ ചില കാര്യങ്ങള്‍ കോര്‍ത്തിണക്കിയ ശൈലി ചിലര്‍ക്കെങ്കിലും വിമര്‍ശനാത്മകമായി തോന്നും.
അരുണ്‍ കരിമുട്ടം തിരക്കഥയെഴുതി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും എം.എസ്. അയ്യപ്പന്‍ നായര്‍ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന് മനു രമേശനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ചിത്രത്തിനനുയോജ്യമാണ്. വലിയ ആഖ്യാനങ്ങളില്ലാതെ, നര്‍മ്മത്തില്‍ ചാലിച്ചെടുത്ത, പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന, അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിപോരുന്ന ഒരു ചിത്രമാണ് ഞാന്‍ കണ്ടതാ സാറേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക