വെള്ളാനിക്കര കാര്‍ഷിക കോളജില്‍ ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ പ്രവേശനം
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.admissions.kau.in ല്‍.
അഡ്മിഷന്‍ നീറ്റ്-കീം മെഡിക്കല്‍, സിയുഇടി-ഐസിഎആര്‍ (യുജി) റാങ്ക് ലിസ്റ്റുകളില്‍ നിന്നും; സീറ്റുകള്‍-40
സെമസ്റ്റര്‍ ഫീസ് ഒരു ലക്ഷം രൂപ വീതം (ട്യൂഷന്‍ ഫീസ് 97760 രൂപ ഉള്‍പ്പെടെ).
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കര കാര്‍ഷിക കോളജില്‍ നടത്തുന്ന നാലുവര്‍ഷ ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (ഓണേഴ്‌സ്) കോഴ്‌സ് പ്രവേശനത്തിന് ഡിസംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
ആകെ 40 സീറ്റുകള്‍. നീറ്റ്-കീം മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍നിന്നും 32 സീറ്റുകളിലും സിയുഇടി-ഐസിഎആര്‍ (യുജി) റാങ്ക് ലിസ്റ്റില്‍നിന്നും 8 സീറ്റുകളിലുമാണ് അഡ്മിഷന്‍. 8 സെമസ്റ്ററുകളായാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.admissions.kau.in ല്‍ ലഭിക്കും.
കോഴ്‌സ് ഫീസ് : പ്രവേശന ഫീസ്-4000 രൂപ, സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്-97760 രൂപ, സ്‌പെഷ്യല്‍ ഫീസ്-1600 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 2 ലക്ഷം രൂപ (തിരികെ ലഭിക്കും).
പാഠ്യപദ്ധതി: തോട്ടവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഫലവൃക്ഷങ്ങള്‍, പച്ചക്കറികള്‍, പുഷ്പവിളകള്‍, ഔഷധ പരിമള സസ്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ പരിപാലനം, വിളവെടുപ്പ്, മണ്ണു ശാസ്ത്രം, സസ്യ സംരക്ഷണം, ജനിതക ശാസ്ത്രം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പഠിപ്പിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്‌ക്കാവശ്യമായ മാനവവിഭവശേഷി വികസിപ്പിക്കുകയും പുതിയ സംരംഭകരെ സൃഷ്ടിക്കുകയുമൊക്കെയാണ് ലക്ഷ്യം.
തൊഴില്‍ സാധ്യത: ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദക്കാര്‍ക്ക് കൃഷി വകുപ്പിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിലുമൊക്കെ തൊഴില്‍ തേടാം. പിജിയും പിഎച്ച്ഡിയും കരസ്ഥമാക്കുന്നവര്‍ക്ക് അഗ്രികള്‍ച്ചര്‍, സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലും മറ്റും ശാസ്ത്രജ്ഞര്‍, റിസര്‍ച്ച് ഓഫീസര്‍ മുതലായ തസ്തികകളിലും കാര്‍ഷിക സര്‍വ്വകലാശാല കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലും ജോലി ലഭിക്കും. സ്വയം തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനും കഴിയും.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ബിഡെസ്, എംഡെസ് പ്രവേശനം
വിശദവിവരങ്ങള്‍ https://admissions.nid.edu- ല്‍ ലഭിക്കും
ഡിസംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പ്ലസ്ടുകാര്‍ക്ക് ബിഡെസ് കോഴ്‌സിന് ചേരാം, ഡിസൈന്‍ അഭിരുചി പരീക്ഷ വഴിയാണ് സെലക്ഷന്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) 2025 വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഡിസംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസാം എന്‍ഐഡി കാമ്പസുകളിലായാണ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, അഡ്മിഷന്‍ ഹാന്‍ഡ് ബുക്ക് https://admissions.nid.edu ല്‍ ലഭിക്കും.
ബിഡെസ് കോഴ്‌സ്: 4 വര്‍ഷം, സ്‌പെഷ്യലൈസേഷനുകള്‍- കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ (അനിമേഷന്‍ ഫിലിം ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ കമ്മ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍); ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ (സിറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണീച്ചര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍); ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍, ലൈഫ്‌സ്‌റ്റൈല്‍ ആന്റ് അക്‌സസറി ഡിസൈന്‍ (ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍).
പ്രവേശന യോഗ്യത- സയന്‍സ്, ആര്‍ട്‌സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഉള്‍പ്പെടെ ഏതെങ്കിലും സ്ട്രീമില്‍ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. 2024-25 അധ്യയനവര്‍ഷം യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2004 ജൂലൈ ഒന്നിനുശേഷം ജനിച്ചവാകണം. നിയമാനുസൃത വയസ്സിളവുണ്ട്.
എംഡെസ് കോഴ്‌സ്: രണ്ടരവര്‍ഷം, എന്‍ഐഡിയുടെ അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലാണ് കോഴ്‌സുകള്‍. സ്‌പെഷ്യലൈസേഷനുകളും സീറ്റുകളും യോഗ്യതയും അഡ്മിഷന്‍ ഹാന്റ്ബുക്കിലുണ്ട്.
അപേക്ഷാ ഫീസ്: 3000 രൂപ, എസ് സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
ഡിസൈന്‍ അഭിരുചി പരീക്ഷ: ബിഡെസ്-പ്രിലിമിനറി ജനുവരി 5 നും മെയിന്‍ പരീക്ഷ ഏപ്രില്‍ 26 നും മേയ് 4 നും മധ്യേയും ദേശീയതലത്തില്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങള്‍.
എംഡെസ്-പ്രിലിമിനറി ജനുവരി 5 നും മെയിന്‍ പരീക്ഷ മാര്‍ച്ച് 3 മുതല്‍ ഏപ്രില്‍ 6 വരെയും നടത്തും. പരീക്ഷാഘടനയും സിലബസും പ്രവേശന നടപടികളും അഡ്മിഷന്‍ ഹാന്‍ഡ്ബുക്കിലുണ്ട്.
നോർക്ക-റൂട്ട്‌സ്-ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്കാണ് അപേക്ഷിക്കാൻ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മാത്രമേ അപേക്ഷ നൽകാനാകൂ.
പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം. റഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയും. വിശദവിവരങ്ങൾ 0471-2770528 / 2770543 / 2770500 എന്നീ നമ്പറുകളിലും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
സർക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി അന്റ് അനലിറ്റിക്കൽ ടെക്നിക്സ് എന്ന കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽവച്ചുള്ള പരിശീലനത്തിലൂടെ ആഗോള നിലവാരമുള്ള ലബോറട്ടറികളിൽ ഗവേഷണ വിദഗ്ധരോടൊപ്പം പഠിക്കാനുള്ള അവസരം ലഭ്യമാകും. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബി.ടെക്/ എം.ടെക് ബയോ ടെക്‌നോളജി, ബി വി എസ് സി, എം ബി ബി എസ്, ബി ഡി എസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:- 9495999741 ൽ ബന്ധപ്പെടുകയോ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഡിസംബർ 8ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ടുലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെ പരിഗണിക്കുന്നതാണ്. മെറിറ്റിന്റേയും കുടുംബ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. ഇന്റർമീഡിയേറ്റ് പഠിക്കുന്ന വിദ്യാർത്ഥികൾ ഫൗണ്ടേഷൻ അല്ലെങ്കിൽ ബിരുദത്തിന് 60% മാർക്ക് നേടിയവർ ആയിരിക്കണം. ഫൈനലിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്റർമീഡിയേറ്റ് പാസ്സായവരായിരിക്കണം. 15,000/ രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. മുൻ വർഷങ്ങളിൽ വകുപ്പിൽ നിന്നും പ്രസ്തുത സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിസംബർ 20. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപലോഡ് ചെയ്ത് പ്രിന്റ്-ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ വകുപ്പിലേയ്‌ക്ക് നേരിട്ടോ/തപാൽ മാർഗ്ഗമോ വഴി എത്തിച്ചാൽ മാത്രമേ സ്‌കോളർഷിപ്പ് അപേക്ഷകൾ പരിഗണിക്കുകയുളളൂ. കൂടുതൽ വിവരങ്ങൾക്ക് 0471 -2300524, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്
കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, ആർ.സി.സി., തിരുവനന്തപുരം, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2024 ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 28 മുതൽ ഡിസംബർ 4 ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ഓപ്ഷനുകളും റദ്ദാകും. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471 2525300.
ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്
കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ 2024 ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവിദ്യാർത്ഥികൾക്ക് അവരവരുടെ ഹോം പേജിലെ ഡാറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്‌തെടുക്കാം. ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, പ്രോസ്‌പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം നവംബർ 28 ന് വൈകിട്ട് 4 മണിക്ക് മുൻപ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
സംയോജിത പഞ്ചവത്സര എൽ.എൽ.ബി: അലോട്ട്മെന്റ്
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്‌ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 27ന് വൈകിട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.\
ത്രിവത്സര എൽ.എൽ.ബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്‌ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 27ന് വൈകിട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: