തിരുവനന്തപുരം: കരമനയിലെ അഗ്രഹാരത്തെരുവുകളില്‍ വെളുപ്പിന് കാണുന്ന ഒരു കാഴ്ചയാണ് ഹരേ രാമ മഹാമന്ത്രം ജപിച്ചുകൊണ്ട് ഒരാള്‍ നടക്കുന്നത്. കരമന സ്വദേശിയായ എസ്.പദ്മനാഭ അയ്യരാണ് വെളുപ്പിന് നാലര മുതല്‍ അഞ്ചര വരെ കരമനയെ രാമമന്ത്ര മുഖരിതമാക്കുന്നത്. രണ്ട് സഹോദരന്മാരാണ് പദ്മനാഭ അയ്യര്‍ക്ക്. അവരുടെ കുട്ടികള്‍ വിളിക്കുന്നത് കേട്ട് നാട്ടുകാരും ചിറ്റപ്പന് എന്നര്‍ത്ഥം വരുന്ന കുഞ്ചപ്പ എന്നാണ് അയ്യരെ വിളിക്കുന്നത്. അവിവാഹിതനായ പദ്മനാഭ അയ്യര്‍ ഒറ്റയ്ക്കാണ് താമസം. ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷമായി കരമനയിലെ അഗ്രഹാരത്തെരുവുകള്‍ ഉറക്കമുണരുന്നത് പദ്മനാഭയ്യരുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ടുകൊണ്ടാണ്. കൊടും മഞ്ഞിനും പെരുമഴയ്ക്കും പോലും തടസ്സപ്പെടുത്താന്‍ കഴിയാത്ത സപര്യ. അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധു മരണപ്പെട്ട ദിവസം പോലും ജപം മുടക്കിയിട്ടില്ല. കരമനയെ സംസ്കൃത ഗ്രാമമാക്കുന്നതിന് വേണ്ടി വളരെയധികം പ്രയത്നിച്ച ആളാണ് അദ്ദേഹം. സംസ്കൃത പ്രചരണത്തിനു വേണ്ടിയാണ് ഹരേ രാമ മന്ത്ര ജപം ആരംഭിച്ചത്.
കരമനയിലെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം തന്നെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ഓരോ ദിവസവും ഓരോ സംസ്കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുന്നതും പതിവാണ്. സംസ്കൃത പഠന കുതുകികളായ ധാരാളം പേര് ദിവസവും അയ്യര്‍ കുറിച്ചിടുന്ന സംസ്കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയെടുക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനം നിറയും. ആദ്യകാലത്ത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു രാമമന്ത്ര ജപവുമായി അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. പിന്നീട് പലരും അദ്ദേഹത്തിനൊപ്പം കൂടി. കൂടെ ആരും ഇല്ലെങ്കിലും പദ്മനാഭ അയ്യര്‍ ജപം മുടക്കാറില്ല.
എല്ലാ ദിവസവും വെളുപ്പിന് കൃത്യം നാലരയ്ക്ക് തുടങ്ങുന്ന ഹരേ രാമ മന്ത്ര ജപയാത്ര അഞ്ചരയ്ക്ക് സമാപിക്കും. അത് കഴിഞ്ഞ് കാലടിയിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ കളിക്കാന്‍ പോകും. 68 വയസ്സായ പദ്മനാഭ അയ്യര്‍ ദിവസവും ആറ് ഗെയിം ഷട്ടില്‍ കളിക്കും. അത് കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ സംസ്കൃത വാചകങ്ങളും അതിന്റെ മലയാള അര്‍ത്ഥവും എഴുതിയിടും. തുടര്‍ന്ന് വീട്ടിലെത്തി ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ച ശേഷം സൈക്കിളില്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലും പബഌക് ലൈബ്രറിയിലും പോയിരുന്ന് പുസ്തകങ്ങള്‍ വായിക്കും. ഒരു വര്‍ഷം 250 ഓളം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കും. യൂക്കോ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 42-ാം വയസ്സില്‍ സ്വയം വിരമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്കൃത പ്രചരണവും രാമമന്ത്ര ജപവും ശീലമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: