ലാഗോസ്: അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുഞ്ഞന്‍ സ്‌കോര്‍ ഐവറി കോസ്റ്റിന്റെ പേരില്‍. നൈജീരിയക്കെതിരായ മത്സരത്തിലാണ് ഏഴ് റണ്‍സെന്ന ഒറ്റയക്കത്തില്‍ ഐവറി കോസ്റ്റ് ബാറ്റര്‍മാര്‍ പുറത്തായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നൈജീരിയ 264 റണ്‍സിന് വിജയിച്ചു.
നൈജീരിയയിലെ ലാഗോസിലായിരുന്നു മത്സരം. ടോസ് നേടിയ ആതിഥേയര്‍ ബാറ്റ് ചെയ്ത് 20 ഓവറില്‍ 271 റണ്‍സെടുത്തു. നൈജീരിയയുടെ സെലിം സലാവു 53 പന്തില്‍ 112 റണ്‍സെടുത്തു.
രണ്ടാമത് ബാറ്റ് ചെയ്ത ഐവറി കോസ്റ്റിനായി ഓപ്പണര്‍ ഔട്ടാരാ മുഹമ്മദ് ഒരു ബൗണ്ടറി നേടി പുറത്തായി. മിമി അലെക്‌സ്, മായിഗ ഇബ്രാഹിം, ഡിയെ ക്ലൂഡെ എന്നിവര്‍ ഓരോ റണ്‍സെടുത്ത് പുറത്തായി. ബാക്കിയുള്ള ആറ് ബാറ്റര്‍മാര്‍ പൂജ്യരായി മടങ്ങിയതോടെ ഇന്നിങ്‌സ് തീര്‍ന്നു. ഇതിന് മുമ്പ് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ മംഗോളിയ നേടിയ പത്ത് റണ്‍സ് ആയിരുന്നു.
അതേസമയം വനിതാ ട്വന്റി20യിലാണ് ഏറ്റവും ചെറിയ ടോട്ടല്‍ പിറന്നിട്ടുള്ളത്. മാലിക്കെതിരെ മാലദ്വീപ് നേടിയ ആറ് റണ്‍സാണ് അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക