India

ജ്ഞാനം തേടിയുള്ള യാത്രയും കല അഭ്യസിക്കുന്നതും ഒന്നാണ് രണ്ടല്ല…അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ പ്രസംഗം വൈറല്‍

Published by

മുംബൈ: ജ്ഞാനം തേടിയുള്ള യാത്രയും കല അഭ്യസിക്കുന്നതും ഒന്നാണ് രണ്ടല്ലെന്നും രണ്ടും കൂടിക്കലര്‍ന്നിരിക്കുന്നുവെന്നുമുള്ള ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ പ്രസംഗം വൈറല്‍. ഒരു പുസ്തകപ്രകാശനച്ചടങ്ങിലായിരുന്നു പ്രീതി അദാനിയുടെ ഈ പ്രസംഗം. ഗൗതം അദാനിയെ മികച്ച ബിസിനസ് കാരനായി മാറ്റുന്നതില്‍ പ്രീതി അദാനി എന്ന ദന്തല്‍ ഡോക്ടര്‍ വഹിച്ച പങ്കിനെക്കുറിച്ച് അദാനി തന്നെ പറഞ്ഞിട്ടുണ്ട്. സാധാരണ വിദ്യാഭ്യാസമുള്ള അദാനിയെ വിവാഹം കഴിക്കാന്‍ പ്രീതി അദാനി എടുത്ത തീരുമാനവും ജീവിതത്തിലെ വലിയ ത്യാഗമായിരുന്നു എന്നും അദാനി പറഞ്ഞിട്ടുള്ളതാണ്.

പ്രീതി അദാനിയുടെ പ്രസംഗം:

“കലയുടെയും സംസ്കാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരിയ്‌ക്കലും പറയുന്നത് അധികമാവില്ല. കാരണം കഴിഞ്ഞ മൂന്ന് ദശകമായി സാമൂഹ്യവികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതേക്കുറിച്ച് വ്യക്തമായി പറയാന്‍ സാധിക്കും. എല്ലാവരേയും ഉള്‍ചേര്‍ക്കുന്ന, എന്ത് തിരിച്ചടികളേയും അതിജീവിക്കാന്‍ സാധിക്കുന്ന ഒരു സമൂദായത്തെ സൃഷ്ടിക്കണമെങ്കില്‍ സര‍്ഗ്ഗാത്മകതയെ വളര്‍ത്തലും സാംസ്കാരികമായ പ്രകാശനത്തെ പിന്തുണയ്‌ക്കലും അത്യാവശ്യമാണ്. ” – കഴിഞ്ഞ മൂന്ന് ദശകമായി അദാനി ഫൗണ്ടേഷനില്‍ സാമൂഹ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രീതി അദാനി പറയുന്നു. നിരവധി സാധാരണക്കാരുടെ ജീവിതം മാറ്റിമറിച്ച ഒന്നാണ് അദാനി ഫൗണ്ടേഷന്‍.

“കലയ്‌ക്ക്, അത് ദൃശ്യമാധ്യമമായാലും സ്റ്റേജില്‍ അവതരിപ്പിക്കുന്ന കലയായാലും, അതിന് ജാതിയുടെയോ വംശത്തിന്റെയോ, നിറത്തിന്റെയോ വേലിക്കെട്ടുകളില്ല. രാജ്യത്തെ ഏല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് കല. അതിനെ പുനരുജ്ജീവിപ്പിക്കാനും നിലനിര്‍ത്താനും നമ്മള്‍ പരിശ്രമിക്കണം. നൃത്തം, സംഗീതം, സാഹിത്യം, ദൃശ്യകല എന്നിവയിലൂടെ നമ്മുടെ ഉള്‍ക്കാമ്പിലെ സംഘര്‍ഷങ്ങളും മോഹങ്ങളും ആനന്ദവും പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ രംഗത്ത് സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ അദാനി കുടുംബത്തിലെ ഒരു എളിയ അംഗമെന്ന നിലയില്‍ അങ്ങേയറ്റം അഭിമാനമുണ്ട്”.- പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് പ്രീതി അദാനി പറഞ്ഞു.

2023-24ല്‍ 14 കോടി രൂപയാണ് അദാനി ഫൗണ്ടേഷന്‍ സാമൂഹികോന്നമനത്തിനായി ചെലവഴിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by