Thrissur

കാട്ടാനകളുടെ വിഹാരകേന്ദ്രമായി കുണ്ടായി, ചൊക്കന പ്രദേശങ്ങള്‍; തമ്പടിച്ചിരിക്കുന്നത് 60 ഓളം ആനകള്‍, തടയാൻ മാർഗമില്ലെന്ന് വനം വകുപ്പ്

Published by

പുതുക്കാട്: പാലപ്പിള്ളിയില്‍ നിന്ന് കുണ്ടായി, ചൊക്കന പ്രദേശത്തേക്കുള്ള റോഡിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഈ മേഖലയില്‍ മാസങ്ങളായി ആനകളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇവ അക്രമാസക്തരായതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. വനവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഏറെയുള്ള പ്രദേശമാണിത്.

ആനകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തിയതോടെ നാട്ടുകാരുടെ സ്വൈര്യജീവിതം തകര്‍ന്നിരിക്കുകയാണ്. പ്രദേശത്തെ പറമ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും റോഡിലും ആനകള്‍ ഇറങ്ങി ഭീതിവിതയ്‌ക്കുകയാണ്. കഴിഞ്ഞ ദിവസം കുണ്ടായിയില്‍ റോഡില്‍ പിടിയാന ഉറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് സമീപത്തായി റോഡില്‍ നിലയുറപ്പിച്ച ആനക്കൂട്ടം വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു. കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്‌ക്കാണ് വഴിയാത്രക്കാര്‍ രക്ഷപ്പെടുന്നത്.

കാടുമൂടിയ റബ്ബര്‍ത്തോട്ടത്തില്‍ നിന്ന് റോഡിലേക്കിറങ്ങുന്ന ആനകളെ അടുത്തെത്തുമ്പോഴാണ് വാഹനയാത്രക്കാര്‍ക്ക് കാണാന്‍ കഴിയുന്നത്. വനാതിര്‍ത്തികളില്‍ കിടങ്ങുകള്‍ തീര്‍ത്ത് ആനകളെ തടയുകയാണ് ഏക പോംവഴി. ഇതിനായി പലതവണ നാട്ടുകാര്‍ വനംവകുപ്പില്‍ പരാതി നല്‍കിയെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അധികാരികള്‍ ഒഴിഞ്ഞുമാറുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനകളെ തടയാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന നിലപാടിലാണ് വനപാലകര്‍.

ഏതുസമയത്തും അക്രമാസക്തരാകുന്ന ആനകള്‍ക്കിടയില്‍ ജീവിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. ആനകള്‍ കൈയ്യടക്കിയ ഗ്രാമത്തില്‍ ജീവഭയത്താല്‍ കഴിയുന്നവര്‍ക്ക് അധികൃതര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts