India

വികസിതഭാരതം യുവനേതൃ സംവാദം ജനുവരിയില്‍; വലിയ അവസരമെന്ന് പ്രധാനമന്ത്രി, വേദിയാകുന്നത് ദല്‍ഹിയിലെ ഭാരത മണ്ഡപം

ന്യൂദല്‍ഹി: വികസിത ഭാരതത്തെകുറിച്ചുള്ള യുവാക്കളുടെ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നതിനായി ജനുവരിയില്‍ വികസിത ഭാരതം-യുവനേതാക്കളുടെ സംവാദം എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ നേരിട്ട് അവതരിപ്പിക്കാന്‍ ഇവിടെ അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ യുവാക്കളുടെ പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ സംസാരിക്കവെ ഓര്‍മിപ്പിച്ചു.

സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജനുവരി 11, 12 തീയതികളില്‍ ദല്‍ഹിയിലെ ഭാരത മണ്ഡപമാണ് സംവാദത്തിന് വേദിയാവുക. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങള്‍ കടന്നെത്തുന്ന രണ്ടായിരം യുവാക്കള്‍ സംവാദത്തില്‍ പങ്കെടുക്കും. ഭാരതത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരും വിദഗ്ധരും ഭാഗമാകും. യുവാക്കള്‍ അവതരിപ്പിക്കുന്ന ആശയങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് രൂപരേഖ തയാറാക്കും. ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു വലിയ അവസരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ യുവാക്കള്‍ മുതിര്‍ന്ന പൗരന്മാരെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാക്കാന്‍ മുന്‍കൈയെടുക്കുന്നു. ഡിജിറ്റല്‍ അറസ്റ്റിന്റെ അപകടത്തില്‍ നിന്ന് വയോജനങ്ങളെ രക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വന്നു. മുതിര്‍ന്ന പൗരന്മാരെ ബോധവല്‍ക്കരിക്കുകയും സൈബര്‍ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നല്‌കേണ്ടതും അവരെ രക്ഷിക്കേണ്ടതും യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഏക് പേട് മാം കെ നാം’കാമ്പയിന്റെ ഭാഗമായി നൂറു കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫയലുകളും മറ്റും നീക്കം ചെയ്യാന്‍ പ്രത്യേക ശുചിത്വ ക്യാമ്പയിന്‍ ആരംഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക