ബനസ്കാന്ത ; ദാരിദ്രത്തിനോട് പടവെട്ടി സ്വപ്നം സഫലമാക്കിയവന്റെ പേര് സഫിൻ ഹസൻ ഐ പി എസ് .. മക്കൾ പട്ടിണി കിടക്കാതിരിക്കാൻ മറ്റ് വീട്ടുകാരുടെ അടുക്കളയിൽ പാചകക്കാരിയായി മാറിയ അമ്മയുടെ മകൻ . ഇസ്ലാം വിശ്വാസിയാണെങ്കിലും തന്റെ ജീവിതം മാറ്റി മറിച്ചത് , തനിക്ക് വഴികാട്ടിയായത് ഭഗവദ് ഗീതയാണെന്ന് വിശ്വസിക്കുന്നു ഈ യുവ ഐപിഎസ് ഓഫീസർ.
ഭാവ്‌നഗറിൽ ശ്രീകൃഷ്ണനെയും ശ്രീമദ് ഭഗവദ് ഗീതയെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് സഫിനെ ആളുകൾക്ക് ഏറെ പ്രിയങ്കരനാക്കിയത്.ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു . എന്നാൽ ശ്രീകൃഷ്ണനും , ഭഗവദ് ഗീതയും തന്റെ വഴികാട്ടിയാണെന്ന നിലപാടിൽ സഫിൻ ഉറച്ചു നിന്നു.
1995 ജൂലൈ 21 ന് ബനസ്കാന്തയിലെ പാലൻപൂരിനടുത്തുള്ള കനോദർ ഗ്രാമത്തിലാണ് സഫിൻ ഹസൻ ജനിച്ചത് . ഇടത്തരം കുടുംബത്തിൽ അവർ വളരെ ലളിത ജീവിതമാണ് നയിച്ചിരുന്നത്. ഡയമൻഡ് കമ്പനിയിലായിരുന്നു മാതാപിതാക്കൾക്ക് ജോലി . എന്നാൽ സാമ്പത്തിക മാന്ദ്യം വന്നതോടെ ജോലി നഷ്ടപ്പെട്ടു.ആഹാരത്തിന് പോലും ആരെയെങ്കിലും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ .
മറ്റ് വീട്ടുകാരുടെ അടുക്കളയിൽ പാചകക്കാരിയായി അമ്മയും,ദിവസവേതനക്കാരനായി അച്ഛനും ഇറങ്ങിയതോടെ മൂന്ന് നേരം ആഹാരം കിട്ടിത്തുടങ്ങി .പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സഫിൻ ഹസൻ ഐഎഎസ് ആകണമെന്ന് സ്വപ്നം കണ്ടു. അതിനുശേഷം ഗ്രാമത്തിലെ തന്നെ സർക്കാർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചു. അതിനു ശേഷം സൂറത്തിൽ എഞ്ചിനീയറിംഗ് പഠിക്കാനെത്തി. ജീവിത ചിലവ് കൂടിയതോടെ കടലോരത്ത് ആഹാരസാധനങ്ങൾ വിൽക്കാൻ അച്ഛനും , അമ്മയ്‌ക്കുമൊപ്പം സഫിനും പോയിതുടങ്ങി.
എൻജിനീയറിങ് പഠനം കഴിഞ്ഞ് കോളേജില് പ്ലേസ് മെന്റ് ലഭിച്ചെങ്കിലും അത് സ്വീകരിച്ചില്ല . നേരിട്ട് യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങി. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സമ്മർദ്ദം കാരണം സഫിൻ ജിപിഎസ്‌സി പരീക്ഷയും എഴുതി. ജിപിഎസ്‌സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ 34-ാം റാങ്കോടെയാണ് സഫിൻ വിജയിച്ചത്. ജി.പി.എസ്.സി പാസായതിന് ശേഷം ജില്ലാ രജിസ്ട്രാറായി നിയമിതനായെങ്കിലും കുട്ടിക്കാലം മുതൽ കണ്ട സ്വപ്നം കൈവിടാൻ തയ്യാറായില്ല.
ഒരു മാസത്തിനുള്ളിൽ,22 കാരനായ സഫിൻ യുപിഎസ്‌സി പാസായി , ഐപിഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ഹൈദരാബാദിൽ പരിശീലനം നേടി ഐപിഎസ് ഓഫീസറായി ജാംനഗറിൽ നിയമിതനായി. ഇന്ന് സഫിൻ എല്ലാ യുവാക്കൾക്കും പ്രചോദനമാണ്. പ്രതികൂല അവസ്ഥയോട് പൊരുതി സ്വപ്നം സ്വന്തമാക്കാനുള്ള പ്രചോദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക