കുതിരകളെ സ്‌നേഹിക്കുകയും, പ്രതിയോഗികളെ പിന്നിലാക്കി ശരവേഗത്തില്‍ പായുന്ന കുതിരപ്പന്തയത്തില്‍ ആകൃഷ്ടനാകുകയും ചെയ്‌തൊരു സാത്വികന്‍, തികച്ചും യാദൃച്ഛികമായി മലയാള സിനിമയിലെത്തി. സാത്വിക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പകരക്കാരനില്ലാത്തവിധം കാല്‍ നൂറ്റാണ്ടോളം മലയാള സിനിമയില്‍ വിവിധ വേഷങ്ങളില്‍ നിറഞ്ഞാടിയ കോട്ടയം സ്വദേശി പി.കെ. അബ്രഹാമെന്ന മഹാനടന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട്.
പ്രമേഹരോഗത്തെ തുടര്‍ന്ന് 90 കളുടെ മധ്യത്തോടെ സിനിമാരംഗം വിട്ട അബ്രഹാം, 1999 നവം.29 നാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് മാഞ്ഞുപോയത്. അറിയപ്പെടുന്നൊരു മലയാള ദിനപത്രത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച് വെള്ളിത്തിരയില്‍ ചെറിയ വേഷങ്ങളിലൂടെ അസാമാന്യമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അദ്ദേഹം പിന്നീട്, വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞാടി. ചെറിയ വേഷങ്ങളെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. ജീവിതത്തിലും, അഭിനയത്തിലും തികച്ചും സാത്വികത്വം പുലര്‍ത്തി. ഒരു പ്രമുഖ പത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഇംഗ്ലീഷ് ഭാഷാ ശൈലിയാണ് അബ്രഹാമിനെ മലയാള സിനിമയില്‍ പ്രശസ്തനാക്കിയത്. പക്വതയാര്‍ന്ന ഭാവാഭിനയവും, ഇടര്‍ച്ചയില്ലാത്ത സ്വരഗാംഭീര്യവുമായിരുന്നു അഭിനയ സിദ്ധിയുടെ മുതല്‍ക്കൂട്ട്. സിനിമയില്‍ വേരുറപ്പിച്ച ഇദ്ദേഹം, ഓര്‍മയില്‍ തങ്ങുന്ന ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയത് ജൂബിലി പ്രൊഡക്ഷന്റെ ബാനറില്‍ ജോഷി സംവിധാനം ചെയ്ത ‘ന്യൂദല്‍ഹി’യിലെ അഭിനയമാണ്. നായിക സുമലതയുടെ നിസ്സഹായനായ അച്ഛനായി അദ്ദേഹം നിറഞ്ഞാടി. കാല്‍ നൂറ്റാണ്ടിനിടയില്‍ മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടവും സൃഷ്ടിച്ചു.
70 കളില്‍ തുടങ്ങിയ അഭിനയ പ്രയാണം, 90 കളുടെ മധ്യത്തോടെ കലാശം കുറിച്ചപ്പോള്‍, നൂറിലേറെ സമാനതകളില്ലാത്ത ചിത്രങ്ങളിലൂടെയാണ് ഈ മനുഷ്യന്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നത്. ഒരു കാലഘട്ടത്തില്‍ ചില പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പി.കെ. എബ്രഹാം വേണമെന്ന് നിര്‍ബന്ധമായിരുന്നു സംവിധായകര്‍ക്ക്. 1973 ല്‍ പുറത്തിറങ്ങിയ ‘യാമിനി’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അറിയപ്പെട്ടു തുടങ്ങി.
‘ത്രിസന്ധ്യ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി. അതോടെ മലയാള സിനിമയില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന നടന്‍ എന്ന മേല്‍വിലാസം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. തുടര്‍ന്ന് 90 കളുടെ മധ്യത്തോടെ വിവിധ ചിത്രങ്ങളില്‍ അദ്ദേഹം പകരക്കാരനില്ലാത്ത വിധം പകര്‍ന്നാടി. ഉമാനിലയം, ശ്യാമ, വീണ്ടും, തന്ത്രം, നാടുവാഴികള്‍ തുടങ്ങിയ ജോഷി സിനിമകളില്‍ എബ്രഹാം സ്ഥിര സാന്നിധ്യമായിരുന്നു. ‘നാടുവാഴികളി’ ലെ മന്ത്രി ശേഖരന്‍ എന്ന കഥാപാത്രം, പ്രേക്ഷക മനസുകളിലേക്ക് ആഴത്തിലിറങ്ങിച്ചെന്നു. ഐ.വി. ശശി, ജോഷി തുടങ്ങിയ സംവിധായകരുടെ മിക്ക സിനിമകളിലും ചെറിയ വേഷമാണെങ്കില്‍പോലും, ഒഴിച്ചുകൂടാനാകാത്ത നടനായി മാറി. നിദ്ര, സൂര്യദാഹം, വേലിയേറ്റം, ശ്രീകൃഷ്ണപ്പരുന്ത്, ആരാന്റെ മുല്ല കൊച്ചുമുല്ല, ധ്രുവം തുടങ്ങി 100 ലേറെ സിനിമകളില്‍ നിസ്തുലമായ അഭിനയ മുഹൂര്‍ത്തം കാഴ്‌ച്ചവെച്ചു. കുതിരയോട്ട മത്സരം ദൗര്‍ബല്യമായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ, ശനി, ഞായര്‍ ദിവസങ്ങളില്‍ ഷൂട്ടിങ്ങ് ഒഴിവാക്കി കുതിരപ്പന്തയത്തില്‍ പങ്കെടുത്തു.
കെ.ജി. ജോര്‍ജിന്റെ സ്വപ്‌നാടനത്തില്‍ സൈക്യാട്രിസ്റ്റായി മികച്ച പ്രകടനം നടത്തി. തെമ്മാടി വേലപ്പനിലെ ഗോപന്‍, അഭിനന്ദനത്തിലെ മുതലാളി, അഗ്‌നിനക്ഷത്രത്തിലെ ഫാ. ഡാനിയേല്‍, അനുഗ്രഹത്തിലെ കൃഷ്ണന്‍, ശരപഞ്ജരത്തിലെ തമ്പി, മീന്‍ സിനിമയിലെ വര്‍ക്കി, ആരാന്റെ മുല്ല കൊച്ചുമുല്ല എന്ന ചിത്രത്തിലെ പള്ളി വികാരി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് അദ്ദേഹം സുപരിചിതനായി. അഭിനയം കൂടാതെ തിരക്കഥാകൃത്തായും പ്രതിഭ തെളിയിച്ചു. തണല്‍, നട്ടുച്ചക്കിരുട്ട്, നിമിഷങ്ങള്‍ എന്നീ സിനിമകള്‍ക്ക് കഥ എഴുതുകയും, അഷ്ടമംഗല്യം, നട്ടുച്ചക്കിരുട്ട്, നിമിഷങ്ങള്‍ എന്നിവയ്‌ക്ക് തിരക്കഥയും സംഭാഷണവും രചിക്കുകയും ചെയ്തു. ചായത്തില്‍ ഷീലയുടെ ഭര്‍ത്താവായി അസാധാരണ ഭാവപ്രകടനം നടത്തിയ അദ്ദേഹം, അറുപതിലധികം മലയാള ചിത്രങ്ങളില്‍ അച്ഛന്‍, ചിറ്റപ്പന്‍, മുത്തച്ഛന്‍, അമ്മാവന്‍, മാടമ്പി, വ്യവസായ പ്രമുഖന്‍ എന്നീ വേഷങ്ങളിലൂടെ തിളക്കമാര്‍ന്ന അഭിനയം കാഴ്‌ച്ചവെച്ചു. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാടയായിരുന്നു അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: