India

മഹാരാഷ്‌ട്രയില്‍ ആരാകും മുഖ്യമന്ത്രി? കൃത്യമായ ഉത്തരം ദേവേന്ദ്രഫഡ്നാവിസിന്റെയും ഏക് നാഥ് ഷിന്‍ഡെയുടെയും കൈയ്യിലുണ്ട്

Published by

മുംബൈ: മഹാരാഷ്‌ട്രയില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡെയും. മഹായുതി ഒറ്റക്കെട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി വന്‍തരംഗം സൃഷ്ടിച്ചതോടെ ഇനി മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമം ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് നേതാക്കളും ശരത് പവാറും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഏറെ അനുഭവങ്ങള്‍ ഉള്ള ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡെയും ഇക്കുറി ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കുമെന്നുറപ്പ്.

മഹാരാഷ്‌ട്രയില്‍ വന്‍മുന്നേറ്റം നടത്തുകയും ഏറ്റവും വലിയ ഒറ്റകക്ഷിയുമായതിനാല്‍ ബിജെപി നേതാവായ ഫഡ് നാവിസ് മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായം പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ് പറയുന്നത് കേട്ടോളു:”മഹായുതി സഖ്യം വിജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകണം എന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നടത്തുന്ന മുന്നണി യോഗമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഈ വിജയം ഒരാളുടെ വിജയമല്ല, എല്ലാവരും ഒന്നിച്ചുനിന്നതിന്റെ വിജയമാണ്.”. ആകെയുള്ള 288 സീറ്റുകളില്‍ 227 സീറ്റുകളില്‍ ബിജെപി-ഷിന്‍ഡെ-അജിത് പവാര്‍ സഖ്യം വിജയിച്ചു. റെക്കോഡ് വിജയമാണിത്. ഭരണഘടനകോപ്പി ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഹിന്ദു സമുദായത്തില്‍ വിള്ളലുണ്ടാക്കാന്‍ നടത്തിയ ശ്രമം ജനം തള്ളിക്കളഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നാണ് ഏക് നാഥ് ഷിന്‍ഡെ നല്‍കിയ പ്രതികരണം. എന്തായാലും പണ്ട് മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ കേവലഭൂരിപക്ഷം നേടിയിട്ടും അധികാരം കൈവിട്ട അനുഭവം ബിജെപിയുടെ മുന്നിലുണ്ട്. 105 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 56 സീറ്റുകള്‍ നേടിയ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വാശിപിടിച്ചതാണ് 2019ല്‍ കാര്യങ്ങള്‍ അന്ന്  അവതാളത്തിലാക്കിയത്.

മധ്യപ്രദേശിലേതുപോലെ ഒരു ഫോര്‍മുല ബിജെപി ആലോചിക്കുമെന്നറിയുന്നു. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവരാജ് ചൗഹാന്റെ നേതൃത്വത്തില്‍ വന്‍ഭൂരിപക്ഷം നേടിയിട്ടുണ്ട്, ബിജെപി ചൗഹാനെ ഒഴിവാക്കി മോഹന്‍ യാദവിന് മുഖ്യമന്ത്രി പദം നല്‍കുകയായിരുന്നു. അതുപോലെ മഹാരാഷ്‌ട്രയിലെ ജാതിസമവാക്യങ്ങള്‍ കണക്കിലെടുത്ത് പുതിയ ഒരാളെ മുഖ്യമന്ത്രിപദത്തിലേക്ക് നിശ്ചയിച്ചാലും അത്ഭുതപ്പെടാനില്ല. മിക്കവാറും മുന്‍നിരമുഖമായ ദേവേന്ദ്ര ഫഡ് നാവിസിനെ ഒഴിച്ചുനിര്‍ത്തി മറ്റൊരു പുതുമുഖത്തെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് രാഷ്‌ട്രീയ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക