ഗോരഖ്പൂര്‍: എബിവിപി 70-ാം ദേശീയസമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പ്രമുഖ വ്യവസായിയും സോഹോ കോര്‍പ്പറേഷന്‍ സിഇഒയുമായ ശ്രീധര്‍വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാശ്രയത്വം ഭാരതീയ യുവാക്കള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുമെന്ന് ശ്രീധര്‍വെമ്പു അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം അധ്യക്ഷനും ഗോരഖ്പൂര്‍ മേയറുമായ ഡോ. മംഗളേഷ് ശ്രീവാസ്തവ, ജനറല്‍ സെക്രട്ടറി കാമേശ്വര്‍ സിങ്, എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, ദേശീയ സെക്രട്ടറി ശാലിനി വര്‍മ, ഭാരവാഹികളായ ഡോ. രാകേഷ് കുമാര്‍ സിങ്, മായങ്ക് റായ് എന്നിവര്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ. വീരേന്ദ്രസിങ് സോളങ്കിയെ പ്രഖ്യാപിച്ചു.
നാളെ രാവിലെ 11.30ന് പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിക്കും. ട്രെയിനിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെന്റര്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ് സഹസ്ഥാപകനും സിഒഒയുമായ ദീപേഷ് നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
ദീനദയാല്‍ ഉപാധ്യായ സര്‍വ്വകലാശാല കാമ്പസില്‍ പ്രത്യേകം സജ്ജീകരിച്ച ലോകമാതാ അഹല്ല്യാദേവി ഹോള്‍കാര്‍നഗറാണ് സമ്മേളനത്തിന് വേദിയാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1200 ലധികം പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക