Kerala

ശബരിമല റോപ്പ് വേ: തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും, റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി

Published by

പത്തനംതിട്ട: ശബരിമലയിലെ റോപ്പ്‍ വേ പദ്ധതിക്ക് തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ്പ് വേ നിർമാണം തുടങ്ങാനാകും.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിർമാണമണ് ഉദ്ദേശിക്കുന്നത്. റോപ് വേയ്‌ക്ക് ആവശ്യമായ ടവറുകളുടെ ഉ റപ്പിക്കലിന് മാത്രമാണ് നിർമാണപ്രവർത്തനം വേണ്ടി വരിക. നട്ടുംബോൾട്ടും ഉപയോഗിച്ച് ഘടിപ്പിക്കുന്ന തരത്തിലാണ് ടവറുകൾ. 14 വ‍ർഷം പഴക്കമുള്ള പദ്ധതിയാണ് യാഥാർഥ്യമാകാൻ തുടങ്ങുന്നത്. മാളികപ്പുറത്തിനു പിന്നിലാകും റോപ്പ് വേയുടെ സന്നിധാനത്തെ സ്റ്റേഷൻ സ്ഥാപിക്കുക. 2.7 കിലോമീറ്റർ കടന്ന് പമ്പ ഹിൽടോപ്പ് സ്റ്റേഷനിലാണ് മറ്റൊരു റോപ്പ് വേ.

ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള പദ്ധതിക്ക് 2011 ൽ ആഗോള കരാർ വിളിക്കുകയും 2015 ൽ കരാർ ഉറപ്പിക്കുകയും ചെയ്തിരുന്നു. 18 സ്റ്റെപ്പ് ദാമോദർ കേബിള്‍ കാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ നേടിയത്. വനനശീകരണം ചൂണ്ടിക്കാട്ടി പദ്ധതിയെ വനംവകുപ്പ് തുടക്കത്തിൽ എതിർത്തു. ആദ്യ പദ്ധതി രേഖപ്രകാരം ഇരുനൂറിലധികം മരങ്ങള്‍ മുറിക്കേണ്ടിവരുമായിരുന്നു. രണ്ട് സ്റ്റേഷനുകളും വനഭൂമിയിലായിരുന്നു എന്നതാണ് പ്രശ്നമായത്. എന്നാൽ, പിന്നീട് രൂപ രേഖ മാറ്റിയതോടെ ശബരിമല റോപ്പ് വേ സ്വപ്നത്തിന് വീണ്ടും ജീവൻ വയ്‌ക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക