തിരുവനന്തപുരം/കൊച്ചി: വഖഫ് ഭീകരതയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്ത മുനമ്പത്തുകാരെ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. വഖഫ് കൈയേറ്റത്തില്‍ ഏതു നിമിഷവും കിടപ്പാടം നഷ്ടപ്പെടുമെന്നുറപ്പായി അതിനെതിരെ പട്ടിണി സമരം നടത്തുന്ന അറുനൂറോളം കുടുംബങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട തീരുമാനമാണ് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കൈക്കൊണ്ടത്. ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പ്രഖ്യാപിച്ചും പ്രശ്നത്തെ ഏറെനാളത്തെ നിയമ നടപടിയിലേക്ക് വലിച്ചിഴച്ചിരിക്കുന്നു മുഖ്യമന്ത്രി.
പ്രശ്നപരിഹാരത്തിന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെ ജുഡീഷ്യല്‍ കമ്മിഷനായി തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. അതേസമയം മറ്റിടങ്ങളിലെ വഖഫ് നടപടികള്‍ തുടരും.
സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച മുനമ്പം നിവാസികള്‍ ഇന്നലെ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. മുനമ്പത്തെ സമരപ്പന്തലില്‍ ജനങ്ങള്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. പിന്നീട് പന്തം കൊളുത്തി പ്രകടനം നടത്തി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യദലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ അതിരൂപത ബിഷപ്പിനെ കണ്ട് നടത്തിയ ഒത്തുതീര്‍പ്പ് നാടകത്തിനാണ് ഇന്നലെ ഉന്നതലയോഗത്തില്‍ സമാപ്തിയായത്. വഖഫിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
സമരം തണുപ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനാണ് വേണ്ടെതെന്ന് നേരത്തെ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു എന്നുറപ്പിക്കുന്ന തരത്തിലായിരുന്നു ഉന്നതതലയോഗം. ഇതിലേയ്ക്കായി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം വഖഫ് സംരക്ഷണ സമിതിയുടെ വാര്‍ത്താസമ്മേളനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് മുനമ്പത്തെ ഭൂമി വഖഫിന്റേതെന്ന് പ്രഖ്യാപിച്ചതിനെതിരെ ഫറൂഖ് കോളജ് ട്രസ്റ്റ് നല്കിയ പരാതി ചര്‍ച്ച ചെയ്യാന്‍ വഖഫ് ട്രിബ്യൂണല്‍ യോഗം കോഴിക്കോട്ട് ചേര്‍ന്നു. തീരുമാനം അടുത്ത മാസം ആറിലേക്ക് മാറ്റിയെങ്കിലും ഭൂമി വഖഫിന്റേത് തന്നെയെന്ന് വഖഫിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന എല്‍ഡിഎഫ് യോഗത്തിലും ജുഡീഷ്യല്‍ കമ്മിഷനെന്ന തീരുമാനം.
ആരെയും ഒഴിപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് മിണ്ടുന്നില്ല. മൂന്ന് മാസം കൊണ്ട് തീരുമാനം ഉണ്ടാകുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.രാജീവ് പറഞ്ഞത്. എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷന് ആയതിനാല്‍ കമ്മിഷന് കാലാവധി നീട്ടി മുനമ്പത്തുകാരെ പറ്റിക്കാനും സാധിക്കും.
സമരം തുടരുമെന്നും ജുഡീഷ്യല്‍ കമ്മിഷനെ അംഗീകരിക്കില്ലെന്നും സമര സമിതി വ്യക്തമാക്കിയതോടെ മുനമ്പത്തുകാരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുച്ച കഴിഞ്ഞ് ഓണ്‍ലൈനായാണ് യോഗം. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്മാന് എം.കെ. സക്കീറും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: